പൊലീസ് അക്രമത്തില്‍ പരിക്കേറ്റ സന്തോഷ് ഫെലിക്സിന്റെ നില ഗുരുതരമായി തുടരുന്നു
|മൂന്നു ദിവസമായിട്ടും ആന്തരിക രക്തസ്രാവം നിയന്ത്രിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല
കൊല്ലത്തെ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ സന്തോഷ് ഫെലിക്സിന്റെ നില ഗുരുതരമായി തുടരുന്നു. മൂന്നു ദിവസമായിട്ടും ആന്തരിക രക്തസ്രാവം നിയന്ത്രിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. കേസ് ഒത്തുതീര്‍പാക്കാന്‍ പൊലീസുകാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പരിശോധനക്കായി വാഹനം നിര്‍ത്തിയില്ലെന്നാരോപിച്ചാണ് കടപ്പാക്കട സ്വദേശി സന്തോഷ് ഫെലിക്സിനെ പൊലീസ് അടിച്ച് വീഴത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചചയായിരുന്നു സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സന്തോഷ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് . ഇടത് ചെവിയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടതായാണ് വിവരം . ആന്തരികാവയവങ്ങളില്‍ രക്തസ്രാവം ഉണ്ടാകുന്നതിനും ഇനിയും പരിഹാരം ഉണ്ടായിട്ടില്ല. ചികിത്സാ ചെലവ് വഹിക്കാനാകാതെ കഷ്ടപ്പെടുകയാണ് സന്തോഷിന്റെ കുടുംബം.
സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് മാഷ് ദാസിനെതിരെ കേസെടുക്കാന്‍ പൊലീസ് ഇനിയും തയ്യാറായിട്ടില്ല. കേസ് ഒതുക്കാന്‍ പൊലീസ് ബന്ധുക്കളില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. സന്തോഷിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് പൊലീസിന്റെ നിയന്ത്രണം നഷ്ടമായെന്ന് ആരോപിച്ചു.
അതേസമയം സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് നാരായണക്കുറുപ്പ് ചുണ്ടിക്കാട്ടി. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.