ജിഷ കൊലക്കേസില്‍ നാളെ കുറ്റപത്രം സമര്‍പ്പിക്കും
|ജിഷ കൊലപാതക കേസിലെ കുറ്റപത്രം നാളെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.
ജിഷ കൊലപാതക കേസിലെ കുറ്റപത്രം നാളെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. അറസ്റ്റിലായ അമിറുല്‍ ഇസ്ലാമിനെ മാത്രം പ്രതി ചേര്‍ത്താകും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുക. ലൈംഗികവൈകൃത സ്വഭാവമുളള പ്രതി ജിഷയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇയാളുടെ സുഹൃത്ത് അനാറിനെ കണ്ടെത്താനായില്ലെന്നും കുറ്റപത്രത്തില്‍ അന്വേഷണസംഘം വ്യക്തമാക്കിയേക്കും.
സൌമ്യവധക്കേസില്‍ സുപ്രീംകോടതി വിധി വന്നതോടെ പഴുതടച്ചുള്ള കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കാനുള്ള 90 ദിവസത്തെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചുവെങ്കിലും പൊതു അവധിയായതിനാല്‍ നാളത്തേക്ക് മാറ്റിവെക്കുകയായിരുന്നു. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ട്. അതുകൊണ്ട് തന്നെ പ്രതിഭാഗം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ അറസ്റ്റിലായ അമിറുല്‍ ഇസ്ലാമിനെ മാത്രം പ്രതിചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഇയാളുടെ സുഹൃത്തായ അനാറിനെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇയാളെ ഒഴിവാക്കിയതായും സൂചനയുണ്ട്.
ലൈംഗീക വൈകൃതമുള്ള അമീര്‍ ജിഷയോട് അടുപ്പം കാണിച്ചിരുന്നു. എന്നാല്‍ ഇതിനെ ജിഷ എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. വെള്ളം ചോദിച്ചപ്പോള്‍ കൈയ്യില്‍ ഉണ്ടായിരുന്ന മദ്യം നല്‍കിയെന്നും അന്വേഷണ സംഘം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമീര്‍ തന്നെയാണ് പ്രതിയെന്ന് തെളിയിക്കുന്നതിനായി ഡിഎന്‍എ പരിശോധന ഫലം പ്രധാന തെളിവായി കൊണ്ടുവരാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. കൂടാതെ പ്രതി ഉപയോഗിച്ച ചെരുപ്പം കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഫോണ്‍ രേഖകളും പ്രതിക്കെതിരായ തെളിവുകളാകും. എന്നാല്‍ പ്രതി ഉപയോഗിച്ച വസ്ത്രം കണ്ടെത്താനായിട്ടില്ലെന്നും കുറ്റപത്രത്തില്‍ പറയാന്‍ സാധ്യതയുണ്ട്. വിരലടയാളം സംബന്ധിച്ച ആശയകുഴപ്പങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.