റേഷന്‍ കാര്‍ഡ് മുന്‍ഗണന പട്ടികയില്‍ ആദിവാസികളുമില്ല
|സംസ്ഥാനത്തെ ആദിവാസി ഊരുകളിലെ പലകുടുംബങ്ങളും ഇപ്പോള്‍, റേഷന്‍കാര്‍ഡു പ്രകാരം ധനികരാണ്.
റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണന പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍, ആദിവാസികളും പുറത്തായി. കാലങ്ങളായി ബിപിഎല്‍ കാര്‍ഡുള്ളവരെയാണ് ദാരിദ്ര്യരേഖയ്ക്കു മുകളിലാക്കി പട്ടിക പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തെ ആദിവാസി ഊരുകളിലെ പലകുടുംബങ്ങളും ഇപ്പോള്‍, റേഷന്‍കാര്‍ഡു പ്രകാരം ധനികരാണ്. ബിപിഎല്‍ റേഷന്‍ വാങ്ങി ജീവിതം മുമ്പോട്ടു കൊണ്ടുപോയിരുന്ന കുടുംബങ്ങളാണ് ഏറെയും.
ഇത് വയനാട് കാരാപ്പുഴ ആദിവാസി കോളനിയിലെ സുനിത സുകുമാരന്‍. വര്‍ഷങ്ങളായി ബിപിഎല്‍ റേഷന്‍ വാങ്ങി ജീവിയ്ക്കുന്നു. എന്നാല്‍, പുതിയ പട്ടികയില്‍ ഇവരും മുന്‍ഗണനയില്‍ ഇല്ല. ഇത്തരത്തില്‍ നിരവധി ആദിവാസി കുടുംബങ്ങള്‍ ഇപ്പോള്‍ പട്ടികയ്ക്കു പുറത്താണ്. സര്‍വെയ്ക്കെത്തിയവര്‍ എന്തുകണ്ടാണ് തങ്ങളെ പട്ടികയില്‍ നിന്നു പുറത്താക്കിയതെന്ന് ഇവര്‍ക്കറിയില്ല.
മുന്‍ഗണന പട്ടികയില്‍ ഇടം നേടാത്ത കുടുംബങ്ങള്‍ക്ക് ഇനി റേഷനും ഇല്ല. കൂലിപ്പണിയ്ക്കും തൊഴിലുറപ്പ് ജോലികള്‍ക്കും ഒക്കെ പോകുന്ന കുടുംബങ്ങളാണ് ഏറെയും. വയനാട്ടില്‍ കാരാപ്പുഴ കോളനിയ്ക്കു പുറമെ, നൂല്‍പുഴ ഗ്രാമപഞ്ചായത്തിലെ കോളനികളിലും പുറത്തായവര്‍ ഏറെയുണ്ട്. മുന്‍ഗണന പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് ഓരോ ആദിവാസി കുടുംബവും ഇപ്പോള്‍.