പ്രവാസി കമ്മീഷന്‍റെ പ്രവര്‍ത്തനം പാളുന്നു
|സ്വന്തം കെട്ടിടമോ അടിസ്ഥാന സൌകര്യങ്ങളോ ഇല്ലാത്ത കമ്മീഷന്‍റെ ഓഫീസ് പ്രവർത്തിക്കുന്നത് ചെയർമാന്‍റെ വീടിന് മുകളിലെ ഒറ്റ മുറിയിലാണ്.
പ്രവാസിക്ഷേമത്തിന് വേണ്ടി തുടങ്ങിയ പ്രവാസി കമ്മീഷന്‍റെ പ്രവര്‍ത്തനം പാളുന്നു. സ്വന്തം കെട്ടിടമോ അടിസ്ഥാന സൌകര്യങ്ങളോ ഇല്ലാത്ത കമ്മീഷന്‍റെ ഓഫീസ് പ്രവർത്തിക്കുന്നത് ചെയർമാന്‍റെ വീടിന് മുകളിലെ ഒറ്റ മുറിയിലാണ്. പതിനായിരക്കണക്കിന് പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഇടപെടേണ്ട കമ്മീഷന് സൌകര്യങ്ങള്‍ നല്‍കാത്തതില്‍ ചെയർമാന്‍ ജസ്റ്റിസ് പി ഭവദാസനും അതൃപ്തി പ്രകടിപ്പിച്ചു.
പ്രവാസി കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ഭവദാസന്‍ സ്വന്തം വീടിന് മുകളില്‍ ഒരുക്കിയ ചെറിയ മുറിയിലാണ് കമ്മീഷന്‍റെ സിറ്റിങ്ങ് നടക്കുന്നത്. ദിവസ വേതനത്തില്‍ നിയമിച്ച ഒരു സ്റ്റെനോഗ്രാഫര്‍ മാത്രമാണ് ഒരേ ഒരു ജീവനക്കാരന്‍. 2016 ഏപ്രിലിലാണ് കമ്മീഷന്‍ രൂപീകരിച്ചത്. കമ്മീഷന് പ്രവര്‍ത്തിക്കാന്‍ ഓഫീസ് അടക്കം എല്ലാ സൌകര്യങ്ങളും ഒരു മാസത്തിനകം ഒരുക്കണമെന്ന് ഒക്ടോബറില്‍ ഹൈക്കോടതി ഉത്തരവിട്ടു. എല്ലാ സൌകര്യങ്ങളും ഉറപ്പുവരുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു.
ചെയർമാന്‍ അടക്കം 5 അംഗ കമ്മീഷനിലെ രണ്ട് അംഗങ്ങള്‍ ഇതിനോടകം വിരമിച്ചു. മറ്റൊരംഗം വരുന്ന ജൂണില്‍ വിരമിക്കും. പുതിയ അംഗങ്ങനെ നിയമിക്കാനുള്ള നീക്കവും നടക്കുന്നില്ല. കമീഷന് ഇതിനകം ലഭിച്ച നിരവധി അപേക്ഷകളാണ് സംസ്ഥാന സര്‍ക്കാരിന്‍റെ അവഗണന മൂലം നടപടികള്‍ കൈക്കൊള്ളാതെ കെട്ടിക്കിടക്കുന്നത്.