Kerala
വയനാട്ടിലേക്ക് ദേശീയ നേതാക്കളുടെ ഒഴുക്ക്വയനാട്ടിലേക്ക് ദേശീയ നേതാക്കളുടെ ഒഴുക്ക്
Kerala

വയനാട്ടിലേക്ക് ദേശീയ നേതാക്കളുടെ ഒഴുക്ക്

admin
|
18 Dec 2017 11:58 PM GMT

ദേശീയ നേതാക്കള്‍ എത്തിയതോടെ വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിന് വീറും വാശിയും ഏറി

ദേശീയ നേതാക്കള്‍ എത്തിയതോടെ വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിന് വീറും വാശിയും ഏറി. രണ്ടു ദിവസം കൊണ്ട് മൂന്ന് ദേശീയ നേതാക്കളാണ് വയനാട്ടില്‍ പര്യടനം നടത്തിയത്. ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍, കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് എന്നിവരാണ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ച് വയനാട്ടില്‍ എത്തിയത്.

ജെഡിയു നേതാവ് നിധീഷ് കുമാര്‍ എത്തിയത്, കല്‍പറ്റയിലെ ജെഡിയു സ്ഥാനാര്‍ഥി എം വി ശ്രേയാംസ് കുമാറിനായി പ്രചാരണം നടത്താനാണ്. ദേശീയ രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധയൂന്നിയ നിധീഷ് കുമാര്‍ എല്‍ഡിഎഫിനെ കുറിച്ച് ഒന്നും പറയാതെ വേദി വിട്ടു. എന്‍ഡിഎയുടെ വര്‍ഗീയ പ്രീണനമായിരുന്നു നിധീഷിന്റെ പ്രസംഗത്തില്‍ കാര്യമായി ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇന്നലെയാണ് ബത്തേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സി കെ ജാനുവിന്റെ പ്രചാരണത്തിനായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി ബത്തേരിയില്‍ എത്തിയത്. ഇടത് വലതു മുന്നണികളെ കണക്കറ്റ് വിമര്‍ശിച്ച സ്മൃതി ഇറാനി, പെരമ്പാവൂരിലെ ജിഷയുടെ കൊലപാതകം മുഖ്യവിഷയമാക്കി. ക്രൂരമായ കൊലപാതകം നടന്നിട്ടും ജിഷയുടെ വീട്ടിലെത്താന്‍ പോലും തയ്യാറാകാത്ത എല്‍ഡിഎഫ് എംഎല്‍എയുടെ നിലപാടിനെയും സ്മൃതി ഇറാനി വിമര്‍ശിച്ചു.

കല്‍പറ്റ, മാനന്തവാടി മണ്ഡലങ്ങളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണ യോഗങ്ങളിലാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പങ്കെടുത്തത്. മാനന്തവാടിയില്‍ വനിതാ സംഗമത്തിനു ശേഷം പടിഞ്ഞാറത്തറ, പിണങ്ങോട്, സുഗന്ധഗിരി, ഇരുളം എന്നിവിടങ്ങളിലെ യോഗങ്ങളിലും പങ്കെടുത്തു. ജിഷയുടെ കൊലപാതകവും അതില്‍ യുഡിഎഫ് സര്‍ക്കാര്‍ എടുത്ത നിലപാടുകളുമായിരുന്നു പ്രധാന വിഷയം.

വോട്ടുകള്‍ ഉറപ്പിക്കുന്നതിനായി അവസാനഘട്ട ശ്രമങ്ങള്‍ തുടരുന്ന സ്ഥാനാര്‍ഥികള്‍ക്ക് വലിയ ആവേശമാണ് കേന്ദ്രനേതാക്കളുടെ സന്ദര്‍ശനം നല്‍കുന്നത്. കലാശക്കൊട്ടിനു മുന്‍പ് എല്ലാ വോട്ടര്‍മാരെയും ഒരിക്കല്‍ കൂടി കാണാനുള്ള ഓട്ടത്തിലാണ് എല്ലാ സ്ഥാനാര്‍ഥികളും.

Similar Posts