ആറന്മുള വിമാനത്താവളത്തിന്റെ അനുമതി പിന്‍വലിച്ചെന്ന് സര്‍ക്കാര്‍
|ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ആറന്‍മുള വിമാനത്താവളത്തിന് തത്വത്തില്‍ നല്‍കിയ അനുമതി പിന്‍വലിച്ചതായി സംസ്ഥാന സര്‍ക്കാര്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ അനുമതി പിന്‍വലിച്ചതായാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. പദ്ധതി പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവും പിന്‍വലിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി.
നിയമവകുപ്പിന്‍റെ ശുപാര്‍ശയിന്മേല്‍ മുഖ്യമന്ത്രിയാണ് വിമാനത്താവളത്തിനുള്ള അനുമതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. നിര്‍ദ്ദിഷ്ട ഭൂപ്രദേശത്തിനുള്ള വ്യവസായിക അനുമതിയും പിന്‍വലിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. പദ്ധതിക്ക് സര്‍ക്കാര്‍ പൂർണ അനുമതി നൽകിയിരുന്നില്ല. തത്വത്തിൽ മാത്രമാണ് അനുമതി നൽകിയത്. ജനങ്ങളുടെ എതിർപ്പിനെ തുടർന്നാണ് അനുമതി റദ്ദാക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
നിയമ സെക്രട്ടറി നല്‍കിയ ശിപാര്‍ശയിന്‍മേല്‍ അടുത്ത മന്ത്രിസഭാ യോഗം അന്തിമ തീരുമാനം എടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം രേഖാമൂലം അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിമാനത്താവള പദ്ധതിക്കെതിരായ സമരസമിതി അടക്കം സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികള്‍ പരിഗണിക്കവെയാണ് സര്‍ക്കാരിനോട് ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയത്.