തൊഴിലാളികളുടെ പിന്തുണയില്ലാതെ പൊമ്പിളൈ ഒരുമൈയുടെ സമരം
|സമരവേദിയില്‍ പഴയ ആരവം ഇല്ല
പൊമ്പിളെ ഒരുമൈ സമരം തുടരുമ്പോഴും അതിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ നല്‍കുമ്പോഴും മൂന്നാറിലെയും പരിസരങ്ങളിലേയും തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ സമരത്തെ പിന്തുണക്കുന്നില്ല. എങ്കിലും വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് പൊമ്പിളെ ഒരുമൈയുടെ തീരുമാനം.
2015 നവംബറില്‍ മൂന്നാറിലെ 34 എസ്റ്റേറ്റുകളിലെ സ്തീതൊഴിലാളികള്‍ മൂന്നാറിന്റെ ഹൃദയഭാഗത്ത് ഒത്തുകൂടി നടത്തിയ സമരമായിരുന്നു പൊമ്പിളെ ഒരുമൈ എന്ന സംഘടനയ്ക്ക് തുക്കം കുറിച്ചത്. ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികള്‍ നടത്തിയ സമരത്തിനൊടുവില്‍ അവരുടെ ആവശ്യങ്ങളില്‍ ചിലതെങ്കിലും സര്‍ക്കാരിന് അംഗീകരിക്കേണ്ടി വന്നു. എന്നാല്‍ ആ സമരം നടന്ന് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ പൊമ്പിളെ ഒരുമൈ മൂന്നാറില്‍ ആരംഭിച്ച സമരവേദിയില്‍ പഴയ ആരവം ഇല്ല. തൊഴിലാളി പങ്കാളിത്തവുമില്ല. അന്ന് നടന്ന സമരം ബോണസിനും ശമ്പള വര്‍ദ്ധനവിനും വേണ്ടി ആയിരുന്നു. അതിനാല്‍ ഒറ്റ മനസ്സോടെ പൊരുതി. പക്ഷെ ഇപ്പോള്‍ നടക്കുന്ന സമരംകൊണ്ട് തങ്ങള്‍ക്ക് എന്തുഗുണം എന്നാണ് പഴയസമരത്തില്‍ പങ്കെടുത്തവര്‍ ചോദിക്കുന്നത്. ഇതു തിരിച്ചറിഞ്ഞാകണം ആദ്യ സമരത്തില്‍ രാഷ്ട്രീയക്കാരെ പൂര്‍ണമായി ഒഴിവാക്കി നിറുത്തിയ സംഘടന ഇന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമരവേദിയില്‍ പങ്കാളിത്തം നല്‍കുന്നത്.