ജലവിതരണം നിലച്ചു; ജല അതോറിറ്റിയിലെ കരാറുകാരനെതിരെ നാട്ടുകാര്‍
|നെയ്യാറ്റിന്‍കര പെരുങ്കടവിള പഞ്ചായത്തില്‍ വെള്ളം കിട്ടാതെ ഒരു മാസത്തോളമായി ജനങ്ങള്‍ പ്രയാസത്തില്‍.
നെയ്യാറ്റിന്‍കര പെരുങ്കടവിള പഞ്ചായത്തില്‍ വെള്ളം കിട്ടാതെ ഒരു മാസത്തോളമായി ജനങ്ങള്‍ പ്രയാസത്തില്‍. ജല അതോറിറ്റിയുടെ പൈപ്പ്‌ലൈന്‍ വഴിയുള്ള ജലവിതരണം കാര്യക്ഷമമല്ലാത്തതാണ് നാടിനെ ജലക്ഷാമത്തിലേക്ക് തള്ളിവിട്ടത്.
വെറും നോക്കുകുത്തിയാണ് ഈ പൈപ്പ്. ഒരു മാസം മുന്‍പ് അത്യാവശ്യത്തിനെങ്കിലും വെള്ളം തന്നിരുന്നവ ഇപ്പോള്‍ പൂര്‍ണമായി നിലച്ചു. പെരുങ്കടവിള പഞ്ചായത്തിലെ അയിരൂര്‍, തത്തമല, കുളിമാങ്കോട്, മാരായമുട്ടം, പഴമല വാര്‍ഡുകളിലെ ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് പൈപ്പുവെള്ളമാണ് ആശ്രയം. അമ്പത് ശതമാനം വീടുകളില്‍ മാത്രമാണ് കിണറുകളുള്ളത്. അവ മിക്കതും വേനലായാല്‍ വറ്റും, ഉള്ളത് ഉപയോഗ ശൂന്യമാവും. അയിരൂര്‍ പട്ടികജാതി കോളനിയിലെ നിരവധി വീടുകള്‍ക്ക് ആശ്രയമായിരുന്ന ഈ കിണറില്‍ നിന്ന് വെള്ളം കോരിയിട്ട് ദിവസങ്ങളായി. പതിനായിരം രൂപ വരെ വാങ്ങിയാണ് കരാറുകാരന്‍ കണക്ഷന്‍ നല്‍കുന്നത്. മാസവരിയും കൃത്യമായി വാങ്ങുന്നു. എന്നാല്‍ വെള്ളം തരുന്നതില്‍ കള്ളക്കളി നടത്തുന്നതായാണ് ആക്ഷേപം.
പൊറുതിമുട്ടിയ നാട്ടുകാര്‍ കഴിഞ്ഞ ദിവസം ജല അതോറിറ്റി ഉദ്യോഗസ്ഥരെ ഉപരോധിച്ചു. തുടര്‍ന്ന് ജലവിതരണം തത്ക്കാലത്തേക്ക് പുനഃസ്ഥാപിച്ചെങ്കിലും ശാശ്വത പരിഹാരത്തിന് തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കണം.