Kerala
മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‍നാട് വെള്ളം കൊണ്ടുപോയി തുടങ്ങിമുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‍നാട് വെള്ളം കൊണ്ടുപോയി തുടങ്ങി
Kerala

മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‍നാട് വെള്ളം കൊണ്ടുപോയി തുടങ്ങി

Khasida
|
21 Dec 2017 11:27 AM GMT

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കാര്‍ഷികാവശ്യത്തിനായി തമിഴ്‌നാട് തേക്കടി ഷട്ടര്‍ വഴിയാണ് വെളളം കൊണ്ടു പോകുന്നത്

വരണ്ടുണങ്ങിയ തമിഴ്‍നാട്ടിലെ കാര്‍ഷിക ഗ്രാമങ്ങളിലേക്ക് വെള്ളമെത്തിക്കാനായി തമിഴ്‍നാട് തേക്കടി ഷട്ടര്‍ തുറന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കാര്‍ഷികാവശ്യത്തിനായി തമിഴ്‌നാട് തേക്കടി ഷട്ടര്‍ വഴിയാണ് വെളളം കൊണ്ടു പോകുന്നത്. ജലനിരപ്പ് കുറവായതിനാല്‍ സാധാരണ ജൂണ്‍ മാസത്തില്‍ തുറക്കുന്ന ഷട്ടര്‍ ഇത്തവണ 45 ദിവസത്തോളം വൈകിയാണ് തുറന്നത്.

തേനി ജില്ലയിലെ കമ്പംവാലി മേഖലയിലുള്ള 14707 ഏക്കര്‍ സ്ഥലത്താണ് നെല്‍ക്കൃഷി. ഉത്തമപാളയം, തേനി, ബോഡിനായ്ക്കന്നൂര്‍ എന്നീ താലൂക്കുകളിലാണ് പാടങ്ങള്‍. ജൂണ്‍ ആദ്യവാരം തന്നെ മുല്ലപ്പെരിയാറില്‍നിന്നും കൃഷിക്കായി വെള്ളം തുറന്നു വിടും. എന്നാലിത്തവണ ജലനിരപ്പില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകാത്തതാണ് വെള്ളം കൊണ്ടുപോകുന്നത് വൈകിച്ചത്. കേരളത്തില്‍ മഴ പെയ്യുന്നതിനാല്‍ വെള്ളം തുറന്നു വിടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വെള്ളം തുറന്നു വിടാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തേനി ജില്ലാ കളക്ടര്‍ വെങ്കിടാചലം, ആണ്ടിപ്പെട്ടി എംഎല്‍എ തങ്ക തമിഴ് ശെല്‍വന്‍ എന്നിവരെത്തിയാണ് കഴിഞ്ഞ ദിവസം ഷട്ടര്‍ തുറന്നത്.

119.3 അടി വെള്ളമാണ് അണക്കെട്ടിലിപ്പോഴുളളത്. വെള്ളം കുറവായതിനാല്‍ കുറഞ്ഞ കാലം കൊണ്ട് വിളവു തരുന്ന നെല്ലു നടാനാണ് കര്‍ഷകരുടെ തീരുമാനം. ജലനിരപ്പുയര്‍ന്നാല്‍ കൂടുതല്‍ വെള്ളം തുറന്നു വിടണമെന്നും പൊതു മരാമത്തു വകുപ്പിനോട് കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Similar Posts