കോണ്‍ഗ്രസുമായുള്ള അകല്‍ച്ച തുടങ്ങുന്നത് സിപിഎം പ്ലീനത്തില്‍ മാണി പങ്കെടുത്തതു മുതല്‍
|മാണി എല്‍ഡിഎഫിലേക്ക് ചുവടുമാറുന്നത് തടയാന്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുത്ത് നടത്തിയ നീക്കമാണ് ബാര്‍ക്കോഴക്കേസെന്ന വിശ്വാസമാണ് മാണി വിഭാഗത്തെ യുഡിഎഫിന് പുറത്തെത്തിച്ചത്...
2013ല്‍ പാലക്കാട്ട് നടന്ന സിപിഎം പ്ലീനത്തില്‍ കെ.എം മാണി പങ്കെടുത്തതോടെയാണ് കേരളാകോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള അകല്‍ച്ച തുടങ്ങുന്നത്. മാണി എല്‍ഡിഎഫിലേക്ക് ചുവടുമാറി മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകളും ഇതിനൊപ്പം വന്നു. ഇത് തടയാന്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുത്ത് നടത്തിയ നീക്കമാണ് ബാര്‍ക്കോഴക്കേസെന്ന വിശ്വാസമാണ് മാണി വിഭാഗത്തെ യുഡിഎഫിന് പുറത്തെത്തിച്ചത്.
നേരിയ ഭൂരിപക്ഷത്തിന് ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലേറിയപ്പോൾ തന്നെ തുടങ്ങിയതാണ് കേരള കോൺഗ്രസിന്‍റെ മുന്നണിമാറ്റ ചർച്ചകൾ. സർക്കാറിനുളള പിന്തുണ കേരളാ കോണ്‍ഗ്രസ് പിൻവലിക്കുമെന്നും സിപിഎം സഹായത്തോടെ കെഎം മാണി മുഖ്യമന്ത്രിയാകുമെന്ന പ്രചരണവും പിന്നാലെ ഉയർന്നു. 2013 നവംബര്‍ 28ന് പാലക്കാട്ട് നടന്ന സിപിഎം പ്ലീനത്തില്‍ മാണി പങ്കെടുത്തത് ഊഹാപോഹങ്ങള്‍ക്ക് പിന്‍ബലമായി.
കെ.എം മാണിയെ എല്‍ഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രിയാക്കാനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നതായി അന്ന് കേരളാകോണ്‍ഗ്രസിലുണ്ടായിരുന്ന പിസി ജോര്‍ജ്ജ് പിന്നീട് സ്ഥിരീകരിച്ചിട്ടുണ്ട്. സിപിഐയുടേയും, വി.എസ് അച്യുതാനന്ദന്‍റേയും എതിര്‍പ്പ് മൂലമാണ് ചര്‍ച്ചകള്‍ മുന്നോട്ട് പോകാതിരുന്നതെന്നാണ് വിലയിരുത്തല്‍. ബാര്‍ക്കോഴക്കേസ് ഉയര്‍ന്ന് വന്ന ആദ്യ ഘട്ടത്തില്‍ സിപിഎം മാണിക്കെതിരെ രംഗത്ത് വരാതിരുന്നത് കേരളകോൺഗ്രസ് എല്‍ഡിഎഫിലേക്കെന്ന ചര്‍ച്ചകള്‍ക്ക് വീണ്ടും വിത്തുപാകി. എന്നാൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ ബാർകോഴ കേസിൽ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതോടെ എൽഡിഎഫും മാണിയും തമ്മില്‍ തെറ്റി.
2014ലെ ബജറ്റ് അവതരണ ഘട്ടമെത്തിയപ്പോള്‍ സിപിഎമ്മും മാണിയും പൂര്‍ണ്ണമായും അകന്നു. ഹൈക്കോടതി പരാമർശം എതിരായതോടെ മാണിക്ക് മന്ത്രിസ്ഥാനം ഒഴിയേണ്ടിയും വന്നു. ഇതിന് ശേഷമാണ് മാണി വിഭാഗം കോൺഗ്രസിനെതിരെ ഗൂഢാലോചന ആരോപണം ഉന്നയിച്ചതും, അവസാനം മുന്നണിക്ക് പുറത്ത് പോകേണ്ടിവന്നതും. ഇതിനിടയില്‍ കേരളാ കോണ്‍ഗ്രസ് ബിജെപിയിലേക്കെന്ന ചര്‍ച്ചകള്‍ ഉയര്‍ന്ന് കേട്ടങ്കിലും അതും വെറുംഈഹാപോഹങ്ങള്‍ മാത്രമായി അന്തരീക്ഷത്തില്‍ നില്‍ക്കുകയാണ്.