Kerala
പരവൂര്‍ വെടിക്കെട്ട് ദുരന്തം: കരാറുകാരന്‍ സുരേന്ദ്രന്റെ മകന്‍ കസ്റ്റഡിയില്‍പരവൂര്‍ വെടിക്കെട്ട് ദുരന്തം: കരാറുകാരന്‍ സുരേന്ദ്രന്റെ മകന്‍ കസ്റ്റഡിയില്‍
Kerala

പരവൂര്‍ വെടിക്കെട്ട് ദുരന്തം: കരാറുകാരന്‍ സുരേന്ദ്രന്റെ മകന്‍ കസ്റ്റഡിയില്‍

admin
|
26 Dec 2017 3:28 PM GMT

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ കരാറുകാരന്‍ സുരേന്ദ്രന്റെ മകന്‍ ദീപുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ കരാറുകാരന്‍ സുരേന്ദ്രന്റെ മകന്‍ ദീപുവിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്ത് നിന്നാണ് ഇയാളെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. അതേസമയം കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 29 ലേക്ക് മാറ്റി.

പരവൂര്‍ വെടിക്കെട്ട് അപകടത്തിന് ശേഷം ചികിത്സയിലായിരുന്ന ദീപു പിതാവ് സുരേന്ദ്രന്റെ സംസ്‌കാര ചടങ്ങിനിടെയാണ് ഒളിവില്‍ പോയത്. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. പരിക്ക് ഭേദപ്പെടാത്ത സാഹചര്യത്തില്‍ ഇയാള്‍ ജില്ല വിട്ട് പോകാന്‍ സാധ്യതയില്ലെന്ന് തുടക്കത്തില്‍ തന്നെ ക്രൈംബ്രാഞ്ച് വിലയിരുത്തി. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ദീപുവിനായുള്ള തിരച്ചില്‍. ഒടുവില്‍ ഇന്ന് രാവിലെയോടെ ദീപുവിനെ കഴക്കൂട്ടത്തുള്ള സങ്കേതത്തില്‍ നിന്നും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.

പരിക്ക് ഭേദമാകാത്തതിനാല്‍ ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വരും ദിവസങ്ങളില്‍ ദീപുവില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുക്കും. ദീപുവിന്റെ സഹോദരന്‍ ഉമേഷിനെ നേരത്തെ തന്നെ ക്രൈംബ്രഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം കരാറുകാര്‍ കൃഷ്ണന്‍കുട്ടിയും ഭാര്യ അനാര്‍ക്കലിയും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 29 ലേക്ക് മാറ്റിവച്ചു. സുരേന്ദ്രന്‍ അശ്രദ്ധമായി വെടിമരുന്ന് ഉപയോഗിച്ചതാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് ജാമ്യാപേക്ഷയില്‍ കൃഷ്ണന്‍കുട്ടി വാദിക്കുന്നത്. കൃഷ്ണന്‍കുട്ടിക്കായുള്ള തിരച്ചില്‍ എറണാകുളവും വടക്കന്‍ ജില്ലകളും കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് തുടരുകയാണ്.

Related Tags :
Similar Posts