വാഗ്ദാനം നിറവേറ്റാത്ത ജനപ്രതിനിധികള്‍ക്ക് ഇത്തവണ ആയിക്കരക്കാരുടെ വോട്ടില്ല
|ഹാര്‍ബറിന്റെ ആഴം കൂട്ടണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഇക്കുറി വോട്ട് ബഹിഷ്കരിക്കാനുള്ള ഒരുക്കത്തിലാണ് ആയിക്കരക്കാര്
വാഗ്ദാനങ്ങള്‍ നിറവേറ്റാത്ത ജനപ്രതിനിധികളെ എന്തു ചെയ്യും. വോട്ട് ചോദിച്ചെത്തുന്ന ഇത്തരക്കാരെ രാഷ്ട്രീയം മറന്ന് ചോദ്യം ചെയ്യാന്‍ തന്നെയാണ് കണ്ണൂര്‍ ആയിക്കരയിലെ മത്സ്യത്തൊഴിലാളികളുടെ തീരുമാനം. ഹാര്‍ബറിന്റെ ആഴം കൂട്ടണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഇക്കുറി വോട്ട് ബഹിഷ്കരിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.
പട്ടിണിയുടെ നാളുകളാണ് ആയിക്കരയിലെ മത്സ്യത്തൊഴിലാളികള്‍ തള്ളി നീക്കുന്നത്. മത്സ്യ ലഭ്യത കുറഞ്ഞത് മാത്രമല്ല ഇവരുടെ പ്രശ്നം. ആയിക്കര ഹാര്‍ബറിന് ആഴം കൂട്ടാനുള്ള പ്രവൃത്തി തുടക്കത്തിലേ നിലച്ചു. ഇതോടെ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തിലായി. കടലമ്മയുടെ കനിവിനു പുറമേ രാഷ്ട്രീയക്കാരുടെ ദയ തേടി ഇവര്‍ മുട്ടാത്ത വാതിലുകളില്ല.
കൃത്യമായ രാഷ്ട്രീയം ഉളളവര്‍ തന്നെയാണ് ആയിക്കരക്കാര്. പക്ഷേ ഇക്കുറി ഈ വിശ്വാസ പ്രമാണമെല്ലാം ഇവര്‍ മാറ്റിവെക്കും.
കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ പ്രധാന കേന്ദ്രമായ ആയിക്കരയിലെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം കേള്‍ക്കാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആവില്ല.എന്നാല്‍ ഇക്കുറി വോട്ട് ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ച് നില്ക്കാന് തന്നെയാണ് ഇവരുടെ തീരുമാനം.