സിപിഎമ്മിലെ വിഭാഗീയത തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിഷയമാകുന്നു
|ഇന്ന് ചേരുന്ന പിബി യോഗം കേരളത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തും
സിപിഎമ്മിലെ വിഭാഗീയത തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിഷയമാകുന്നു. വിഎസിനെതിരായ പാര്‍ട്ടി പ്രമേയം നിലനില്ക്കുന്നുവെന്ന പിണറായിയുടെ പ്രസ്താവനയാണ് വിഭാഗീയത വീണ്ടും തെരഞ്ഞെടുപ്പ് വേദിയിലെത്തിച്ചത്. പിണറായി നിലപാട് മയപ്പെടുത്തിയെങ്കിലും പ്രസ്താവന അനവസരത്തിലായിപ്പോയെന്നാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.
വിഭാഗീയത മാറ്റിവെച്ച് ഇതുവരെയില്ലാത്ത ഐക്യത്തോടെ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നുവെന്ന ആത്മവിശ്വാസത്തിലായിരുന്നു സിപിഎം നേതൃത്വവും അണികളും ഇതുവരെ. വിഭാഗീയത വിജയസാധ്യതയെ ബാധിക്കരുതെന്ന ലക്ഷ്യത്തില്‍ വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം വിവാദമാക്കാതെ കേന്ദ്രനേതൃത്വം ഇടപെട്ട് ആദ്യഘട്ടത്തില്‍ തന്നെ സംസ്ഥാന സമിതിയെകൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിണറായി വിജയന്റെ അപ്രതീക്ഷിത പരാമര്‍ശത്തോടെ ഉള്‍പ്പാര്‍ട്ടി തര്‍ക്കം സിപിഎം നേതൃത്വംത്തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. മദ്യനയത്തിന് പിന്നാലെ യുഡിഎഫിന് ലഭിച്ച ഏറ്റവും നല്ല ആയുധമായി വിഎസ്-പിണറായി തര്‍ക്കം മാറുമെന്ന് ഉറപ്പാണ്.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിലും വിഎസിനെതിരെ പിണറായി പരസ്യനിലപാട് സ്വീകരിച്ചിരുന്നു. വിഎസിന്റെ ചിത്രമുള്ള ഫ്ലക്സുകളും ടീഷര്‍ട്ടുകളുമായി പ്രചാരണം നടത്തുന്നതിനോടായിരുന്നു അന്ന് പിണറായി പരസ്യമായി എതിര്‍പ്പുയര്‍ത്തിയത്. അന്നത്തേതില്‍ നിന്ന് വിഭിന്നമായി പിണറായിയുടെ പ്രസ്താവന അനവസരത്തിലാണെന്ന അഭിപ്രായം ഇന്ന് പാര്‍ട്ടിക്കുളളില്‍ തന്നെയുണ്ട്. അതുകൊണ്ടാണ് വിഎസിനെതിരായ പ്രമേയം തെരഞ്ഞെടുപ്പുകാലത്ത് ചര്‍ച്ചചെയ്യേണ്ടെന്ന് പറഞ്ഞ് എം എ ബേബിക്ക് പിണറായിയെ തിരുത്തേണ്ടിവന്നത്. തൊട്ട് പിന്നാലെ തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന ആരോപണമുയര്‍ത്തി പിണറായിക്കും പരാമര്‍ശം മയപ്പെടുത്തേണ്ടി വന്നു. പിണറായിയുടെ പ്രസ്താവനയില്‍ സിപിഎം കേന്ദ്രനേതൃത്വത്തിന് എതിര്‍പ്പുണ്ടെന്നാണ് സൂചന.
ഇന്ന് ചേരുന്ന അവൈലബിള്‍ പോളിറ്റ്ബ്യൂറോ കേരളത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തും. അതേസമയം പ്രസ്താവന തിരുത്തി പിണറായി തന്നെ രംഗത്തെത്തിയതോടെ ഇക്കാര്യത്തില്‍ ഉടന്‍ പ്രതികരിക്കേണ്ടെന്നാണ് വിഎസിന്റെ നിലപാട്.