ആറന്‍മുളയിലുടക്കി സിപിഎമ്മും സിപിഐയും
|ആറന്മുളയിലല്ലെങ്കില്‍ മറ്റെവിടെയെങ്കിലും കെജിഎസ്സിനെ കുടിയിരുത്തിയാല്‍ കൊള്ളാമെന്ന തോന്നല്‍ ചിലര്‍ക്കുണ്ടെന്ന് സംശയമെന്നും
ആറന്മുളയിലെ വ്യവസായ മേഖലാ പ്രഖ്യാപനം അധികാരത്തിലെത്തിയതിന്റെ ആദ്യദിവസങ്ങളില്‍ തന്നെ പിന്‍വലിക്കണമായിരുന്നുവെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി പ്രസാദ് . കെജിഎസ് എന്ന തട്ടിപ്പ് കന്പനിക്ക് ഗുണകരമാകുന്ന നയം എല്‍ഡിഎഫ് സ്വീകരിക്കേണ്ടതുണ്ടോയെന്ന് ആലോചിക്കണം. ആറന്മുളയിലല്ലെങ്കില്‍ മറ്റെവിടെയെങ്കിലും കെജിഎസ്സിനെ കുടിയിരുത്തിയാല്‍ കൊള്ളാമെന്ന തോന്നല്‍ ചിലര്‍ക്കുണ്ടെന്ന് സംശയമെന്നും പി പ്രസാദ് മീഡിയവണിനോട് പറഞ്ഞു.
ആറന്മുള വിമാനത്താവള പദ്ധതിക്ക് പരിസ്ഥിതി പഠനം നടത്താന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കെ ജി എസ്സിന് വീണ്ടും അനുമതി നല്‍കിയതോടെയാണ് പദ്ധതി വീണ്ടും വിവാദത്തില്‍ പെട്ടത്. പ്രതിരോധമന്ത്രാലയം പദ്ധതിക്ക് അനുമതി നല്‍കിയതായുള്ള രേഖകളും ഇതിനിടെ പുറത്ത് വന്നിരുന്നു. ഇതോടെ പ്രതിരോധത്തിലായ ബിജെപി വ്യവസായ മേഖലപ്രഖ്യാപനം ഇടത് സര്‍ക്കാര്‍ എന്ത് കൊണ്ട് പിന്‍വലിക്കുന്നില്ലെന്ന് മറുചോദ്യമുയര്‍ത്തിയാണ് വിവാദങ്ങളെ പ്രതിരോധിച്ചത്. പദ്ധതിക്കെതിരാണ് എന്ന പറയുന്പോഴും വ്യവസായ മേഖലാ പ്രഖ്യാപനം പിന്‍വലിക്കുന്ന കാര്യത്തില്‍ സിപിഎം തുടരുന്ന മൌനത്തിനെതിരെയാണ് സിപിഐ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്..