പാസ്പോര്‍ട്ട് വിട്ടുകിട്ടിയില്ല; റെജി നാട്ടിലെത്താന്‍ വൈകും
|റെജി ജോസഫിന്റെ മോചനത്തില്‍ സന്തോഷത്തിലാണ് കോഴിക്കോട് കൂരാച്ചുണ്ടിലെ നെല്ലുവയലില്‍ കുടുംബാംഗങ്ങള്‍.
റെജി ജോസഫിന്റെ മോചനത്തില്‍ സന്തോഷത്തിലാണ് കോഴിക്കോട് കൂരാച്ചുണ്ടിലെ നെല്ലുവയലില്‍ കുടുംബാംഗങ്ങള്‍. ട്രിപ്പോളിയിലെ ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥനായ റെജി ജോസഫിനെ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്. റെജിയുടെ പാസ്പോര്‍ട്ട് അടക്കമുളള രേഖകള്‍ വിട്ടുകിട്ടാത്തതിനാല്‍ ഉടന്‍ നാട്ടിലെത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചതായി ബന്ധുക്കള്‍ മീഡിയവണിനോട് പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് 31നാണ് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ വെച്ച് കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി റെജി ജോസഫിനെ അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയത്. ഒപ്പമുണ്ടായ ഈജിപ്ത് പൌരനേയും ഇവര്‍ ബന്ദികളാക്കി. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് റെജി ജോസഫിനെ മോചിപ്പിച്ചെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്.
ട്രിപ്പോളിയിലെ വീട്ടില്‍ കഴിയുന്ന റെജി ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചു. എത്രയും പെട്ടെന്ന് വീട്ടിലെത്താന്‍ വേണ്ട സൌകര്യം ഒരുക്കണമെന്ന് റെജി പറഞ്ഞതായും ബന്ധുക്കള്‍ അറിയിച്ചു. റെജിക്കൊപ്പം ബന്ദിയായ ഈജിപ്ഷ്യന്‍ പൌരനേയും മോചിപ്പിച്ചതായാണ് വിവരം. എന്നാല്‍ എന്തിന് വേണ്ടിയാണ് ഇവരെ ബന്ദികളാക്കിയതെന്ന് സംബന്ധിച്ച സൂചന ലഭിച്ചിട്ടില്ല. റെജിയെ മോചിപ്പിക്കാന്‍ സഹായിച്ച കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ സന്തോഷമുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.