തീരത്ത് ഇനി വറുതിയുടെ കാലം; ട്രോളിംഗ് നിരോധം ഇന്ന് മുതല്‍
|ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത് 47 ദിവസത്തെ ട്രോളിംഗ് നിരോധം.
തീരത്ത് ഇനി വറുതിയുടെ കാലം. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും. 47 ദിവസത്തെ ട്രോളിംഗ് നിരോധനമാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൊല്ലം നീണ്ടകര പാലത്തിന്റെ തൂണുകള്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ ഫിഷറീസ് വകുപ്പ് ചങ്ങലകള്‍കൊണ്ട് ബന്ധിക്കും. ഇതോടെയാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് തുടക്കമാകുന്നത്. യന്ത്രവത്കൃത ബോട്ടുകള്‍ അര്‍ദ്ധരാത്രിക്ക് മുന്‍പ് അതാത് സങ്കേതങ്ങളില്‍ നങ്കൂരമുറപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
47 ദിവസത്തെ ട്രോളിംഗ് നിരോധനമാണ് നിലവില്‍ വരാന്‍ പോകുന്നത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള 61 ദിവസത്തെ നിരോധനം ഇത്തവണ ഉണ്ടാകുകയില്ല.
പതിനായിരക്കണക്കിന് മത്സ്യതൊഴിലാളി കുടുംബങ്ങളെ ട്രോളിംഗ് നിരോധനം പ്രത്യക്ഷത്തില്‍ തന്നെ ബാധിക്കും. ഇവര്‍ക്കായി സൗജന്യ റേഷന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റേഷന്‍ വൈകിയാല്‍ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ ഇത്തവണയിലും പട്ടിണിയിലാകും.
പരമ്പരാഗത മത്സ്യബന്ധനത്തെ ട്രോളിംഗ് നിരോധനം ബാധിക്കുകയില്ല. കപ്പലുവള്ളങ്ങള്‍ക്കും മത്സ്യബന്ധനത്തിന് പോകാവുന്നതാണ്. ആഴക്കടലില്‍ വിദേശകപ്പലുകള്‍ മത്സ്യബന്ധനം നടത്തുമ്പോള്‍ യന്ത്രവത്കൃത ബോട്ടുകള്‍ക്ക് മാത്രം നിരോധനം ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവുന്നതല്ലെന്ന് ഒരു വിഭാഗം മത്സ്യതൊഴിലാളികള്‍ വാദിക്കുന്നുണ്ട്.