കോട്ടയത്ത് കേരള കോണ്‍ഗ്രസ് ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു
|കേരളാ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് തര്‍ക്കം തെരുവിലേക്ക്
മുന്നണി ബന്ധം ഉലഞ്ഞ കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചു. കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ ആസ്ഥാനമുള്ള കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസ് അടിച്ചു തകര്‍ത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് രമേശ് ചെന്നിത്തലയുടെ കോലം കേരളകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു.
കേരള കോണ്‍ഗ്രസിന് എതിരെയോ കെ എം മാണിക്ക് എതിരെയോ പ്രതിഷേധ പരിപാടികള്‍ ഈ ഘട്ടത്തില്‍ അരുതെന്ന് കെപിസിസി നിര്‍ദേശം വന്ന് മണിക്കൂറുകള്‍ക്കകമാണ് കാഞ്ഞിരപ്പള്ളിയിലെ കേരളകോണ്‍ഗ്രസ് എം പാര്‍ട്ടി ഓഫീസ് യൂത്ത് കോണ്‍ഗ്രസ് കെഎസ്‍യു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. വൈകിട്ട് ആറു മണിയോടെ പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസ് ഓഫീസിലേക്ക് ആദ്യം ചീമുട്ട വലിച്ചെറിഞ്ഞു. തുടര്‍ന്ന് കൊടിമരവും വാതിലുകളും ബോര്‍ഡും കസേരകളും തകര്‍ത്തു. തുടര്‍ന്ന് മധുര പലഹാരങ്ങള്‍ വിതരണം ചെയ്താണ് യൂത്ത് കോണ്‍ഗ്രസ് കെഎസ്‍യു പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്. അക്രമത്തില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ ഉടനടി സ്ഥലത്ത് എത്തി. പ്രതിഷേധ പ്രകടനം നടത്തി. രമേശ് ചെന്നിത്തലയുടെ കോലവും കത്തിച്ചു.
യുഡിഎഫ് വിടുന്നതായി മാണിയുടെ പ്രഖ്യാപനം വന്നയുടന്‍ കെപിസിസി ഭാരവാഹികള്‍ അടങ്ങുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയം നഗരത്തിലും ജില്ലയുടെ വിവിധയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ചരല്‍ക്കുന്നില്‍ നിന്ന് കെ എം മാണി പുറത്തിറങ്ങിയപ്പോള്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി രംഗത്ത് എത്തിയിരുന്നു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് സംഘര്‍ഷമുണ്ടാക്കിയെങ്കിലും പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന് പിന്നീട് ഇവര്‍ പിരിഞ്ഞുപോയി. ഇന്നലെ കോണ്‍ഗ്രസ് നേതാക്കളും കെഎം മാണിയും സംയമനം വെടിയാതെ പ്രതികരണങ്ങള്‍ നടത്തിയെങ്കിലും താഴെ തട്ടില്‍ പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് പ്രതിഷേധങ്ങള്‍ തുടരുകയാണ്.