സീറ്റ് വിഭജന ചര്‍ച്ചകള്‍ നീളുന്നത് ബാലുശ്ശേരിയിലെ യുഡിഎഫ് നേതാക്കളെ അങ്കലാപ്പിലാക്കുന്നു
|ബാലുശ്ശേരിയിലെ യുഡിഎഫുകാരാണ് അടിച്ച് വച്ച പോസ്റ്ററൊട്ടിക്കാന്‍ പോലുമാവാതെ വിഷമ വൃത്തത്തിലായത്
യുഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ നീളുന്നത് മൂലം അങ്കലാപ്പിലായിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ യുഡിഎഫ് നേതാക്കള്‍. നേരത്തെ കോണ്‍ഗ്രസ് മത്സരിച്ച ബാലുശ്ശേരി സീറ്റ് ഇത്തവണ ലീഗിന് കൈമാറി ലീഗ് മത്സരിച്ച കുന്ദമംഗലം കോണ്‍ഗ്രസ് മത്സരിക്കാനായിരുന്നു ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ധാരണ. എന്നാല്‍ കുന്ദമംഗലത്തെ ചൊല്ലി ലീഗില്‍ തര്‍ക്കമായപ്പോള്‍ ബാലുശ്ശേരിയിലെ യുഡിഎഫുകാരാണ് അടിച്ച് വച്ച പോസ്റ്ററൊട്ടിക്കാന്‍ പോലുമാവാതെ വിഷമ വൃത്തത്തിലായത്.
ലീഗ്-കോണ്‍ഗ്രസ് ധാരണ പ്രകാരം ബാലുശ്ശേരിയില്‍ കുന്ദമംഗലം മുന്‍ എംഎല്‍എയും ദളിത് ലീഗ് നേതാവുമായ യു.സി രാമന് സ്ഥനാര്ത്ഥിയാവുമെന്ന കാര്യത്തില്‍ ഇരു പാര്‍ട്ടികളിലും രണ്ടഭിപ്രായമില്ലായിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ബാലുശ്ശേരിയില്‍ യു.സി രാമന് അനൌദ്യോഗികമായി പ്രചരണവും തുടങ്ങിയിരുന്നു. യുഡിഎഫ് മണ്ഡലം കണ്വെന്ഷനുകളിലുള്പ്പെടെ പങ്കെടുത്ത് രാമന് മണ്ഡലത്തില്‍ സജീവമായിരുന്നു. സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ചുള്ള പോസ്റ്ററുകളും തിരഞ്ഞെടുപ്പ് കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു. ഈ മാസം 28ന് തെരഞ്ഞെടുപ്പ് കണ്വന്ഷന് നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും സീറ്റ് മാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരന്നതോടെ കണ്വന്ഷന് മാറ്റിവെച്ചു. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ഔദ്യോഗിക
പ്രഖ്യാപനം വരാത്തത് മുന്നണി നേതാക്കളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. കുന്ദമംഗലം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ബാലുശ്ശേരിയിലെ ലീഗ് സ്ഥാനാര്‍ത്ഥിയെ ഇരു കൈയും നീട്ടിയാണ് പ്രദേശിക കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്. കുന്ദമംഗലം ലഭിക്കാതിരിക്കുകയും ബാലുശ്ശേരി വിട്ടു നല്‍കേണ്ടിയും വന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ് ഘടകം ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ ശക്തമായി രംഗത്ത് വരുമെന്നാണ് സൂചന.