ജയലക്ഷ്മിക്കെതിരെയുള്ള പോസ്റ്ററുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
|മാനന്തവാടിയിലായിരുന്നു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്
വയനാട് മാനന്തവാടിയില്‍ മന്ത്രി പി.കെ. ജയലക്ഷ്മിക്കെതിരെ പോസ്റ്ററുകള്‍ പതിച്ചത് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയെന്ന് വ്യക്തമായി. കെപിസിസി നിയോഗിച്ച സമിതി രണ്ടു പേര്‍ക്കെതിരെ നടപടിയ്ക്ക് ശിപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മാനന്തവാടി മണ്ഡലം യുഡിഎഫ് കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
മന്ത്രി പി.കെ ജയലക്ഷ്മിക്കെതിരെ ആര്‍എസ്എസ് ബന്ധം ആരോപിച്ച്, കഴിഞ്ഞ ദിവസമാണ് മാനന്തവാടിയിലും എടവകയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. രാത്രിയില്‍ പോസ്റ്ററുകള്‍ പതിച്ചവരുടെ ദൃശ്യങ്ങള്‍, കൂളിവയല്‍ സഹകരണ ബാങ്കിലും കല്ലോടി സെന്റ് ജോസഫ്‌സ് സ്‌കൂളിലും സ്ഥാപിച്ച സിസിടിവി കാമറകളില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് കോണ്‍ഗ്രസ് എടവക മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി എറമ്പയില്‍ മുസ്തഫ,യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം പ്രസിഡന്റ് സി.എച്ച് സുഹൈര്‍ എന്നിവരാണ് പോസ്റ്ററുകള്‍ പതിച്ചതെന്ന് വ്യക്തമായത്. ഇവരെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല.
യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ സംഘടനയ്ക്ക് ബന്ധമില്ലെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനം നടത്തി അറിയിച്ചിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്കകം തന്നെ മുസ്തഫയെയും സുഹൈറിനെയും പൊലിസ് തിരിച്ചറിഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിയ്ക്കാന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നിര്‍ദേശ പ്രകാരം ഡിസിസി ജനറല്‍ സെക്രട്ടറി വി.എ. നാരായണ വാര്യരെ ചുമതലപ്പെടുത്തിയിരുന്നു. പൊലീസ് കണ്ടെത്തിയ രണ്ടു പേര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമിതി കെപിസിസിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.