എയര്‍ കേരളയ്ക്ക് പ്രതീക്ഷ നല്‍കി പുതിയ വ്യോമയാന നയം
|അന്താരാഷ്ട്ര സര്‍വ്വീസിന് ആഭ്യന്തര പ്രവൃത്തി പരിചയമുണ്ടാകണമെന്ന മാനദണ്ഡം ഒഴിവാക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്
എയര്‍ കേരളയ്ക്ക് പ്രതീക്ഷ നല്‍കി പുതിയ വ്യോമയാന നയം. അന്താരാഷ്ട്ര സര്‍വ്വീസിന് ആഭ്യന്തര പ്രവൃത്തി പരിചയമുണ്ടാകണമെന്ന മാനദണ്ഡം ഒഴിവാക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ എയര്‍ കേരളയ്ക്കുള്ള തടസം നീങ്ങുമെന്നുറപ്പായി. ഇന്നത്തെ കേന്ദ്ര മന്ത്രിസഭായോഗം പുതുക്കിയ നയത്തിന്റെ കരടിന് അംഗീകാരം നല്‍കിയേക്കും.
ഗള്‍ഫ് മേഖലയിലേക്ക് കുറഞ്ഞ ചെലവില്‍ സര്‍വ്വീസ് ഒരുക്കുക എന്ന ലക്ഷ്യത്തോടെ യുപിഎ സര്‍ക്കാര്‍ കാലത്താണ് സംസ്ഥാനം എയര്‍ കേരള പദ്ധതി മുന്നോട്ട് വച്ചത്. ഇക്കാര്യത്തില്‍ മുന്‍ സംസ്ഥാന സര്‍ക്കാന്‍ നിരന്തരം ആവശ്യമുന്നയിച്ചെങ്കിലും വ്യോമയാന നയത്തിലെ നിബന്ധനകള്‍ പദ്ധതിക്ക് തടസ്സമാവുകയായിരുന്നു. അന്താരാഷ്ട്ര സര്‍വ്വീസിന് 20 വിമാനങ്ങള്‍ക്ക് പുറമെ 5 വര്‍ഷത്തെ ആഭ്യന്തര പ്രവൃത്തി പരിചയവും വേണമെന്നാണ് നിലവിലെ ചട്ടം. എന്നാല്‍ 5 വര്‍ഷത്തെ ആഭ്യന്തര പ്രവൃത്തി പരിചയമില്ലെങ്കിലും അന്താരാഷ്ട്ര സര്‍വ്വീസിന് അനുമതി നല്‍കാമെന്നാണ് പുതിയ നയം വ്യവസ്ഥ ചെയ്യുന്നത്. ഒരു മണിക്കൂര്‍ യാത്രയ്ക്ക് 2500 രൂപയില്‍ കൂടാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ആഭ്യന്തര സര്‍വ്വീസ് മെച്ചപ്പെടുത്തുന്നതിനടക്കം 22 ഓളം ഭേദഗതികള്‍ പുതിയ വ്യോമയാന നയത്തിലുണ്ടാകും. രണ്ടാഴ്ചക്കുള്ളില്‍ പുതിയ നയം പ്രാബല്യത്തില്‍ വരുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.