എസ്ബിഐയുടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളിലെ പണിമുടക്ക് പൂര്‍ണ്ണം
|സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയിലേക്ക് ലയിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സ്റ്റേറ്റ് സെക്ടര്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ നടത്തിയ പണിമുടക്ക് പൂര്‍ണം. സംസ്ഥാനത്തെ എസ്ബിടിയുടെ ഒരു ശാഖയിലും ഇന്ന് പണമിടപാട് നടന്നില്ല.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയിലേക്ക് ലയിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സ്റ്റേറ്റ് സെക്ടര്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ നടത്തിയ പണിമുടക്ക് പൂര്‍ണം. സംസ്ഥാനത്തെ എസ്ബിടിയുടെ ഒരു ശാഖയിലും ഇന്ന് പണമിടപാട് നടന്നില്ല. എസ്ബിടി ഉള്‍പ്പെടെ എസ്ബിഐയുടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളാണ് ഇന്ന് പണിമുടക്കിയത്.
കേരളം ആസ്ഥാനമായ ഏക പൊതുമേഖലാ ബാങ്കാണ് എസ്ബിടി. എഴുപത് വര്‍ഷത്തോളമായി വിപുലമായ ജനകീയ ബാങ്കിങ് സേവനങ്ങളുമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നതിനെതിരെയാണ് സ്റ്റേറ്റ് സെക്ടര്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ പണിമുടക്ക് നടത്തിയത്. എസ്ബിടിയുടെ കേരളത്തിലെ 900 ബാങ്ക് ശാഖകളിലെ പതിനയ്യായിരത്തോളം ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുത്തത്. പണിമുടക്കിനെ തുടര്‍ന്ന് കേരളത്തിലെ എല്ലാ ശാഖകളിലെയും പണമിടപാട് മുടങ്ങി. കേരളത്തിന്റെ വികസനത്തില്‍ സുപ്രധാന പങ്ക് വഹിച്ച സ്ഥാപനമാണ് ലയനത്തോടെ ഇല്ലാതാകുന്നതെന്ന് യൂനിയന്‍ ഭാരവാഹികള്‍ പറയുന്നു.
സര്‍ക്കാരിന്റെ ഭൂരിഭാഗം ക്ഷേമ പദ്ധതികളും നടപ്പിലാക്കുന്നത് എസ്ബിടിയാണ്. കോര്‍പറേറ്റുകള്‍ക്ക് വായ്പ നല്‍കാനായി മാത്രം എസ്ബിഐയുമായി ലയനം നടത്തേണ്ടതില്ല. എസ്ബിടിയെ എസ്ബിഐയുടെ നിയന്ത്രണങ്ങളില്‍നിന്നു മോചിപ്പിച്ച് സ്വതന്ത്രമാക്കണമെന്നും യൂനിയനുകള്‍ ആവശ്യപ്പെടുന്നു. എസ്ബിടിക്ക് പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്റ് ജയ്‍പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല എന്നീ ബാങ്കുകളിലെ ജീവനക്കാരും ഇന്ന് പണിമുടക്കി.