പതിനെട്ടാം പടിയില്‍ ആയാസമേറെ; പൊലീസിനിവിടെ വ്യത്യസ്ത ദൌത്യം
|വലിയൊരു ജനക്കൂട്ടത്തെ ആയുധങ്ങള്‍ ഉപയോഗിച്ചു മാത്രം നിയന്ത്രിച്ച് ശീലമുള്ള പൊലിസുകാര്‍ക്ക് ശബരിമലയിലേത് വ്യത്യസ്തമായ അനുഭവമാണ്.
വ്യത്യസ്തമായ സേവനമാണ് ശബരിമലയില്‍ പൊലിസുകാര്‍ക്ക് അനുഷ്ഠിയ്ക്കാനുള്ളത്. പ്രത്യേകിച്ചും പതിനെട്ടാം പടിയില്‍. ലാത്തിയും തോക്കുമില്ലാതെ, ഭക്തരെ സുരക്ഷിതമായി അയ്യപ്പ ദര്‍ശനത്തിന് സഹായിക്കുകയെന്ന ശ്രമകരമായ ദൌത്യമാണ് ഇവിടെ പൊലിസുകാര്‍ നിര്‍വഹിയ്ക്കുന്നത്.
വലിയൊരു ജനക്കൂട്ടത്തെ ആയുധങ്ങള്‍ ഉപയോഗിച്ചു മാത്രം നിയന്ത്രിച്ച് ശീലമുള്ള പൊലിസുകാര്‍ക്ക് ശബരിമലയിലേത് വ്യത്യസ്തമായ അനുഭവമാണ്. ഇതൊന്നും ഇല്ലാതെ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെ നിയന്ത്രിയ്ക്കുക. ഒപ്പം ഇവര്‍ക്ക് സുരക്ഷയും നല്‍കുക. മറ്റിടങ്ങളില്‍ നിന്നു വ്യത്യസ്തമായി പതിനെട്ടാം പടിയിലെ ജോലിയാണ് ഏറ്റവും ശ്രമകരമായത്. തിരക്ക് വര്‍ധിയ്ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
നാല് മണിക്കൂറില്‍ മുപ്പത് പേരടങ്ങുന്ന സംഘമാണ് സേവനത്തിലുണ്ടാകുക. ഒരു സമയം പത്തുപേര്‍ പടിയിലുണ്ടാകും. പത്തുമിനിറ്റാണ് സേവന സമയം. ഇരുപത് മിനിറ്റ് വിശ്രമവും. ഒരു ഡിവൈഎസ്പിയും മൂന്ന് സിഐമാരും ഒന്‍പത് എസ്ഐമാരും 90 പൊലിസുകാരുമാണ് പടിയിലെ സേവനത്തിന് മാത്രമുള്ളത്. ഇവരെ സഹായിക്കാന്‍ 20 പേരുടെ സംഘം വേറെയുമുണ്ട്.
പടിയിലെ ജോലി ആയാസകരമായതുകൊണ്ടുതന്നെ ഈ വര്‍ഷം മുതല്‍, പൊലിസുകാര്‍ക്ക് ആയുര്‍വേദ ചികിത്സയും നല്‍കുന്നുണ്ട്. ഓരോ ദിവസവും സേവനം കഴിയുമ്പോള്‍ സന്നിധാനത്തെ ആയുര്‍വേദ ആശുപത്രിയില്‍ എത്തി, ചികിത്സ നടത്താം. പതിനെട്ടാം പടിയ്ക്കു താഴെ, ഒരു ഡിവൈഎസ്പിയുടെയും മൂന്ന് സിഐമാരുടെയും നേതൃത്വത്തില്‍ മുപ്പത് പൊലിസുകാരും സേവനം ചെയ്യുന്നുണ്ട്.