Kerala
Kerala

ഐഎസ് ബന്ധം: കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് എന്‍ഐഎ

Sithara
|
30 Jan 2018 3:58 AM GMT

വിദേശത്തുള്ള മലയാളികളെ പിടികൂടാന്‍ എന്‍ഐഎ ഇന്റര്‍പോളിന്റെ സഹായം തേടി.

ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ബന്ധമുള്ളവരുടെ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് എന്‍ഐഎ. വിവിധ സംഘങ്ങളായി തിരിഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാംപ് ചെയ്യുകയാണ് കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘം. അതിനിടെ വിദേശത്തുള്ള മലയാളികളെ പിടികൂടാന്‍ എന്‍ഐഎ ഇന്റര്‍പോളിന്റെ സഹായം തേടി.

കഴിഞ്ഞ ദിവസം എന്‍ഐഎ അറസ്റ്റ് ചെയ്ത തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ മൊയ്തീനെ ചോദ്യം ചെയ്തതില്‍ നിന്നാണ് അന്വേഷണ സംഘത്തിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ ഡിവൈഎസ്പി ഷൌക്കത്തലിയുടെ നേതൃത്വത്തില്‍ മൂന്ന് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് തമിഴ്നാട്ടിലും ഹൈദ്രാബാദ് കേന്ദ്രീകരിച്ച് തെലുങ്കാനയും കേരളത്തിലുമാണ് പ്രത്യേക സംഘങ്ങള്‍ ക്യാംപ് ചെയ്യുന്നത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ എന്‍ഐഎ പിടികൂടിയുണ്ടെന്നാണ് വിവരം. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. സുബ്ഹാനിയെ പിടികൂടി ദിവസങ്ങള്‍ കഴിഞ്ഞാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇറാഖിലെ പരിശീലനത്തിനിടെ മലയാളി കുടുംബങ്ങളെ കണ്ടുമുട്ടിയെന്നും നിരവധി പേര്‍ ഐഎസ് ക്യാംപില്‍ ഉണ്ടെന്നുമാണ് സുബ്ഹാനിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ ഇന്റര്‍പോളുമായി ബന്ധപ്പെട്ടു. സംശയമുള്ളവരെ കസ്റ്റ‍ഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള സഹായമാണ് തേടിയിരിക്കുന്നത്. ഇതു കൂടാതെ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകളുമായും എന്‍ഐഎ ബന്ധപ്പെട്ടിട്ടുണ്ട്. സംശയമുള്ള ഗ്രൂപ്പുകളുടെ വിവരം തേടിയാണ് സോഷ്യല്‍മീഡിയകളെ സമീപിച്ചിരിക്കുന്നത്.

Related Tags :
Similar Posts