നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട: ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല
|കഴിഞ്ഞ വര്‍ഷം നവംബര്‍ 24 നാണ് പോലീസ് വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടത്.
നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടക്ക് നാളെ ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 24 നാണ് പോലീസ് വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ചുള്ള മജിസ്റ്റീരിയല്‍ അന്വേഷണം പൂര്‍ത്തിയായെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
നിലമ്പൂര്‍ കരുളായി വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജും അജിതയുമാണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് നടന്ന ആദ്യ ഏറ്റുമുട്ടല്‍ കൊല ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. മാവോയിസ്റ്റ് സംഘം വെടിവെച്ചപ്പോള്‍ നടത്തിയ പ്രത്യാക്രമണത്തില്‍ അജിതയും കുപ്പു ദേവരാജും കൊല്ലപ്പെട്ടുവെന്നാണ് പൊലീസിന്‍റെ വിശദീകരണം. എന്നാല്‍ വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം മനുഷ്യാവകാശ പ്രവര്‍ത്തര്‍ ഉന്നയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെയും ജില്ലാ മജിസ്ട്രേറ്റിനെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
മജിസ്റ്റീരിയല്‍ അന്വേഷണം പൂര്‍ത്തിയാക്കിയ മലപ്പുറം കലക്ടര്‍ അമിത് മീണ കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതിനകം 100 പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പൊലീസ്- വനം ഉദ്യോഗസ്ഥര്‍, ആദിവാസികള്‍, നാട്ടുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ മൊഴികളും രേഖപ്പെടുത്തി.
നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിഗമനം. നിലമ്പൂര്‍ ഏറ്റുമുട്ടലിന്‍റെ വാര്‍ഷികത്തില്‍ പൊലീസുകാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റ് ആക്രണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ തമിഴ്നാട് പൊലീസിന്‍റെ നിരീക്ഷണവും ശക്തമാണ്.