ലീഗ് യുവനേതാക്കള്‍ക്കെതിരെ സമസ്ത നേതാവിന്റെ പരസ്യ വിമര്‍ശം
|പി.കെ ഫിറോസിനും ടി.പി അഷ്റഫലിക്കുമെതിരെയാണ് വിമര്‍ശം
മുസ്ലിം ലീഗിലെ യുവ നേതാക്കളായ പി.കെ ഫിറോസിനും ടി.പി അഷ്റഫലിക്കുമെതിരെ സമസ്ത നേതാവിന്റെ പരസ്യ വിമര്‍ശം. ശരീഅത്ത് വിരോധികളായ ഇരുവരെയും നിലക്ക് നിര്‍ത്തുമെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. ടിപി അഷ്റഫലിക്കെതിരെ നടപടി ആവശ്യപ്പെട്ട് ലീഗ് നേതൃത്വത്തിന് സമസ്ത നേതാക്കള്‍ കത്ത് നല്‍കിയിട്ടുണ്ട്.
സുന്നികള്‍ക്ക് എതിരായും ശരീഅത്തിന് വിരുദ്ധമായും നിലപാടെടുക്കുന്നുവെന്നാണ് പി കെ ഫിറോസിനെതിരെയുള്ള സമസ്തയുടെ ആക്ഷേപം. കുന്ദമംഗലത്ത് ഫിറോസിനെ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി ശ്രമിച്ചപ്പോള്‍ സമസ്തയുടെ എതിര്‍പ്പ് തടസ്സമാകുകയും ചെയ്തു.
.എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷ്റഫലിയോടും സമസ്തക്ക് ശക്തമായ എതിര്‍പ്പുണ്ട്. സോഷ്യല്‍ മീഡിയയില്‍ സമസ്ത നേതാക്കളെ അപമാനിച്ചുവെന്നാണ് അഷ്റഫലിക്കെതിരെയുള്ള പുതിയ പരാതി. അഷ്റഫലിക്കെതിരെ നടപടി ആവശ്യപ്പെട്ട് ലീഗ് നേതൃത്വത്തിന് സമസ്ത കത്ത് നല്‍കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പി.കെ ഫിറോസിനും അഷ്റഫലിക്കുമെതിരെ ഭീഷണിയുടെ സ്വരത്തിലുള്ള ഹമീദ് ഫൈസി അമ്പലക്കടവിന്റെ പ്രസംഗം.
രണ്ട് യുവനേതാക്കള്‍ക്കെതിരെ സമസ്ത പരസ്യനിലപാടുമായി മുന്നോട്ടു പോകുന്നതില്‍ ലീഗ് നേതൃത്വത്തിന് ആശങ്കയുണ്ട്. യുവനേതാക്കളുടെ രാഷ്ട്രീയ ഭാവി തകര്‍ക്കുന്ന നിലപാടെടുക്കരുതെന്ന് സമസ്ത നേതാക്കളോട് പികെ കുഞ്ഞാലിക്കുട്ടി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.