ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി യോജിക്കണമെന്ന് കാനം
|കോണ്‍ഗ്രസിനോട് കൂട്ടുകൂടാത്തവര്‍ ആരാണുള്ളതെന്നും കാനം
ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി യോജിക്കണമെന്ന നിലപാടുമായി കാനം രാജേന്ദ്രേന്‍. വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരെ യോജിപ്പാണ് വേണ്ടതെന്ന് പറഞ്ഞ കാനം, കെ എം മാണിയുമായുള്ള സിപിഎം സഖ്യത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മാണിയെ തങ്ങള്‍ക്ക് ഭയമില്ലെന്നും മാണിയുമായുള്ള കൂട്ടുകെട്ട് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വ്യതിചലനമെന്നും കാനം കോട്ടയത്ത് പറഞ്ഞു.
സിപിഐ മന്ത്രിസഭയുടെ അറുപതാം വാര്‍ഷികത്തിന്റെ ഉദ്ഘാടന വേദിയിലാണ് സിപിഎമ്മിനെ ചരിത്രമോര്‍മിപ്പിച്ചും ഗുരുരതര ആരോപണങ്ങളുന്നയിച്ചും കാനം രാജേന്ദ്രന്‍ രംഗത്ത് വന്നത്. അഴിമതിക്കാരനായ മാണിക്കെതിരെ സമരം നടത്തിയതിന്റെ ഫലമാണ് ഈ സര്‍ക്കാര്‍. മാണിയെ മുന്നണിക്ക് ആവശ്യമില്ല. കൊക്കിന്റെ തലയില്‍ വെണ്ണ പുരട്ടി പിടിക്കാമെന്ന രാഷ്ട്രീയ തന്ത്രമാണ് ചിലര്‍ പ്രയോഗിച്ചത്.
ഫാഷിസത്തെയും വര്‍ഗീയതെയും തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായുള്ള വിശാല സഖ്യമാണ് രാജ്യത്ത് വേണ്ടത്. കോണ്‍ഗ്രസുമായി കൂട്ടുചേരാത്തവര്‍ ആരാണുള്ളതെന്നും കാനം ചോദിച്ചു. ഇപ്പോള്‍ പരാജയപ്പെടുത്തേണ്ടത് ആരെയെന്ന് നാം ചിന്തിക്കണം.
രാജ്യത്തിന്റെ പൊതുസ്ഥിതി മനസിലാക്കാനുള്ള ഹൃദയവിശാലത കമ്യൂണിസ്റ്റുകാര്‍ക്ക് ഉണ്ടാകണമെന്ന മുന്നറിയിപ്പോടെയാണ് കാനം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.