മാണിയുമായി പ്രശ്നാധിഷ്ഠിത സഹകരണമെന്ന് സിപിഎം
|കേരള കോണ്‍ഗ്രസ് എം വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ മുന്നണിയിലെടുക്കുന്ന കാര്യം ആലോചിക്കാമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു
കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി പ്രശ്നാധിഷ്ടിത സഹകരണമുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്താന്‍ നിലവിലെ സാഹചര്യം ഉപയോഗപ്പെടുത്തും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുതലെടുപ്പ് നടത്താന്‍ ബിജെപിക്ക് അവസരം നല്‍കില്ലെന്നും കോടിയേരി വ്യക്തമാക്കി.
യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുമുന്നണിയിലെടുക്കുമോയെന്ന ചോദ്യത്തോടാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. കേരള കോണ്‍ഗ്രസ് എമ്മിനെ വര്‍ഗീയ കക്ഷിയായി മാറ്റി നിര്‍ത്തില്ല, പകരം പ്രശ്നാധിഷ്ഠിതമായി സഹകരിക്കും. മാണിക്കെതിരായ അഴിമതിക്കേസുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കേസന്വേഷണം അതിന്റെ വഴിക്ക് പോകുമെന്ന് കോടിയേരി പറഞ്ഞു.
യുഡിഎഫിന്റെ ജീര്‍ണതകളാണ് കേരള കോണ്‍ഗ്രസിനെ ബാധിച്ചത്, എന്‍ഡിഎക്കൊപ്പം പോയാല്‍ മാണിക്കും വെള്ളാപ്പള്ളിയുടെ ഗതി വരും. എല്‍ഡിഎഫ് വിട്ട ആര്‍എസ്പി, ജെഡിയു കക്ഷികള്‍ക്ക് മടങ്ങിവരാന്‍ ഇനിയും അവസരമുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.