സമസ്ത-ലീഗ് പ്രശ്നം; പാണക്കാട് പ്രത്യേക യോഗം ചേര്‍ന്നു
|യോഗത്തില്‍ സമസ്തയുടെയും മുസ്ലിം ലീഗിന്റെയും മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു
മുസ്ലിം ലീഗ് യുവനേതാക്കളെച്ചൊല്ലി സമസ്തയും മുസ്‍ലിം ലീഗും തമ്മില്‍ ഉടലെടുത്ത പ്രശ്നം പരിഹരിക്കാന്‍ പാണക്കാട് പ്രത്യേക യോഗം ചേര്‍ന്നു. ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സമസ്തയുടെയും മുസ്ലിം ലീഗിന്റെയും മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.
യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്, എംഎസ്എഫ് നേതാവ് ടി. പി അഷ്‌റഫലി എന്നിവര്‍ക്കെതിരെ സമസ്തയിലെ യുവനേതാക്കള്‍ രംഗത്തുവന്നിരുന്നു. സമസ്തയുടെ ആദര്‍ശങ്ങള്‍ക്കെതിരായ നിലപാടെടുക്കുന്ന ഇവര്‍ക്കെതിരെ ശക്തമായ വിമര്‍ശങ്ങളാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സമസ്തയുടെ യുവനേതാക്കള്‍ എടുത്തത്. പികെ ഫിറോസിന് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കരുതെന്ന നിലപാടും സമസ്തയെടുത്തു. തെരഞ്ഞടുപ്പിന് മുന്‍പ് സമസ്തയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുക എന്ന ലക്ഷ്യത്തിലാണ് ഇന്ന് പാണക്കാട് യോഗം ചേര്‍ന്നത്, ഹൈദരലി തങ്ങള്‍ക്ക് പുറമെ പി.കെ കുഞ്ഞാലിക്കുട്ടി, പിവി അബ്ദുല്‍ വഹാബ്, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. പികെ ഫിറോസിനെയും യോഗത്തിലേക്ക് വിളിച്ചു വരുത്തിയിരുന്നു. സമസ്തക്കെതിരായ നിലപാടെടുത്തിട്ടില്ലെന്നും മാധ്യമങ്ങള്‍ തന്റെ പ്രസ്താവനകളെ വളച്ചൊടിക്കുകയായിരുന്നു എന്ന വിശദീകരണമാണ് പി.കെ ഫിറോസ് നല്‍കിയത്. തന്റെ നിലപാടുകള്‍ വിശദീകരിച്ച് ഫേസ്ബുക്കില്‍ പി.കെ ഫിറോസ് പുതിയ പോസ്റ്റ് പ്രസിദ്ധീകരിക്കും എന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്. കുന്ദമംഗലം സീറ്റിനായി മുസ്‍ലിം ലീഗ് അവസാനവട്ട ശ്രമം തുടരുമ്പോള്‍ അവിടെ ഫിറോസിനെ സ്ഥാനാര്‍ഥിയായി നിര്‍ത്താനാണ് സമസ്തയുമായി സമവായത്തിലെത്തുന്നത് എന്നും സൂചനയുണ്ട്.
സമസ്തയുടെ മുതിര്‍ന്ന നേതാക്കളായ കോട്ടുമല ബാപ്പു മുസ്‍ലിയാര്‍ , എം ടി അബ്ദുള്ള മുസ്ലിയാര്‍ യുവനേതാക്കളായ ഹമീദ്‌ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, ഓണമ്പള്ളി മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.