സര്‍ക്കാര്‍ നിലപാടിനെതിരെ പറഞ്ഞിട്ടില്ല; 'സ്വാശ്രയ'ത്തില്‍ വിഎസിന്റെ തിരുത്ത്
|എസ്ബിടി, എസ്ബിഐ ലയനത്തിനെതിരെയുള്ള സമരത്തെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്ന് വിഎസ്
സ്വാശ്രയ വിഷയത്തില്‍ വിവാദ പ്രസ്താവനയും തിരുത്തുമായി വി എസ് അച്യുതാനന്ദന്. സമരം ചെയ്യുന്ന യുഡിഎഫ് എംഎല്‍എമാരോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ശരിയല്ലെന്നായിരുന്നു രാവിലത്തെ പ്രതികരണം. എസ്ബിടി - എസ്ബിഐ സമരം ഒത്തുതീര്‍പ്പാക്കണമെന്ന അഭിപ്രായം മാധ്യമങ്ങള്‍ തെറ്റായി വ്യഖ്യാനിച്ചതാണെന്ന് പറഞ്ഞ് മുന്‍ നിലപാടില്‍ നിന്ന് പിന്നീട് വിഎസ് മലക്കം മറിഞ്ഞു. സര്‍ക്കാരിനെ വിഎസ് വിമര്‍ശിച്ചതിന് പിന്നാലെ സിപിഎം നേതാക്കള്‍ വിഎസിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.
യുഡിഎഫ് എംഎല്‍എമാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സര്‍ക്കാര്‍ ചര്‍ച്ചകളൊന്നും നടത്തുന്നില്ല. സര്‍ക്കാരിന്റെ നിലപാട് ശരിയാണോയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ശരിയല്ലെന്നായിരുന്നു മറുപടി.
ഉടന്‍ തന്നെ വിഎസിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്ത് വന്നു. വിഎസിന്റെ വിമര്‍ശത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് രണ്ട് തവണ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ചോദിച്ചെങ്കിലും ഒഴിഞ്ഞുമാറി. പക്ഷെ വിഎസ് പറയുന്നത് കേട്ട് അമ്പരന്ന് പോയെന്ന് വ്യക്തമാക്കി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് പ്രതിഷേധം തുറന്ന് പ്രകടിപ്പിച്ചു. പിന്നാലെ തന്നെ മന്ത്രി ഇപി ജയരാജനും വിഎസിനെതിരെ പരസ്യമായി നിലപാടെടുത്തു.
ഇതെല്ലാം കഴിഞ്ഞ് രാത്രിയായപ്പോഴാണ് തന്റെ വാക്കുകള്‍ മാധ്യങ്ങള്‍ വളച്ചൊടിച്ചന്ന് പറഞ്ഞ് വിഎസ് മലക്കം മറിഞ്ഞത്. എസ്ബിടി - എസ്ബിഐ ലയനവുമായി ബന്ധപ്പെട്ട സമരം ഒത്തുതീര്‍പ്പാക്കണമെന്നാണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതെന്നായിരുന്നു ന്യായീകരണം. താനും സര്‍ക്കാരും രണ്ട് തട്ടിലാണെന്ന് വ്യജമായ ധാരണ സൃഷ്ടിക്കാനാണ് മാധ്യമങ്ങള്‍ ഇതിലൂടെ ശ്രമിച്ചതെന്നും വാര്‍ത്തക്കുറിപ്പിലൂടെ കുറ്റപ്പെടുത്തി. പാര്‍ട്ടിക്കുള്ളില്‍ നിന്ന് എതിര്‍പ്പ് രൂക്ഷമായതോടെയാണ് വിഎസ് നിലപാടില്‍ നിന്ന് പിന്നോക്കം പോയതെന്നാണ് സൂചനകള്‍.