ഓണപരീക്ഷ അടുത്തിട്ടും പാഠപുസ്തക അച്ചടിയും വിതരണവും പൂര്‍ത്തിയായില്ല
|കുറവുള്ള 64003 പുസ്തകങ്ങള്‍ അച്ചടിക്കാന്‍ ടെക്സ്റ്റ് ബുക്ക് ഓഫീസര്‍ കെബിപിഎസിന് അയച്ച കത്തിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
ഇത്തവണയും സംസ്ഥാനത്ത് കുട്ടികള്‍ക്ക് പഠിക്കാന്‍ പുസ്തകങ്ങളില്ല. ഓണപരീക്ഷ അടുത്തിട്ടും പാഠപുസ്തക അച്ചടിയും വിതരണവും പൂര്‍ത്തിയായില്ല. കുറവുള്ള 64003 പുസ്തകങ്ങള്‍ അച്ചടിക്കാന്‍ ടെക്സ്റ്റ് ബുക്ക് ഓഫീസര്‍ കെബിപിഎസിന് അയച്ച കത്തിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. അതേസമയം അച്ചടി പൂര്‍ത്തിയായ പതിനായിരകണക്കിന് പുസ്തകങ്ങളാണ് കെബിപിഎസിലും ബുക്ക് ഡിപ്പോകളിലുമായി കെട്ടിക്കിടക്കുന്നത്.
ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ കുറവുള്ള പാഠപുസ്തകങ്ങള്‍ അച്ചടിക്കാനാണ് ടെക്സ്റ്റ് ബുക്ക് ഓഫീസര്‍ കെബിപിഎസിനോട് ആവിശ്യപ്പെട്ടിരിക്കുന്നത്. 84 ഓളം ടൈറ്റിലുകളിലായി 64003 പാഠപുസ്തകങ്ങള്‍ ഇനിയും അച്ചടിക്കണമെന്നാണ് ഈ മാസം 11ന് അയച്ച കത്തിലെ ആവശ്യം. ഈ മാസം 29ന് ഓണപ്പരീക്ഷ ആരംഭിക്കും. എന്നിട്ടും പല പാഠപുസ്തകങ്ങളുടെ അച്ചടി പോലും പൂര്‍ത്തിയായിട്ടില്ല. എട്ടാം ക്ലാസില്‍ കുറവുള്ള അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ പാഠപുസ്തകങ്ങള്‍ അച്ചടിക്കാന്‍ ഇതുവരെ ഉത്തരവും നല്‍കിയിട്ടില്ല.
കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്താതെ പുസ്തകങ്ങൾ അച്ചടിക്കാന്‍ ഉത്തരവ് നല്‍കിയതാണ് ഇത്തവണ പാഠപുസ്തകങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണം. 10 ശതമാനം പുസ്തകങ്ങള്‍ അധികം അച്ചടിക്കുന്ന പതിവ് തെറ്റിച്ചതും ഇത്തവണത്തെ പ്രതിസന്ധിക്ക് കാരണമായി. അച്ചടിച്ച ഒരു ലക്ഷത്തി എണ്‍പത്തിയെട്ടായിരം പുസ്തകങ്ങള്‍ ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നും പാഠപുസ്തക ഓഫീസറുടെ കത്തില്‍ പറയുന്നു. സ്കൂളുകള്‍ക്ക് ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ കണക്കെടുക്കുന്നത് ഐടി അറ്റ് സ്കൂളാണ്. ഈ കണക്ക് കെബിപിഎസിന് കൈമാറാത്തതാണ് വിതരണത്തിലെ അപാകതക്ക് കാരണം.
ഗുരുതരവീഴ്ചയെന്ന് അബ്ദുറബ്ബ്
ആഗസ്റ്റ് മാസമായിട്ടും പാഠപുസ്തക വിതരണം പൂര്‍ത്തിയാകാത്തത് ഗുരുതര വീഴ്ചയാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് കുറ്റപ്പെടുത്തി. മുന്‍സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടും പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാത്തത് എന്തുകൊണ്ടെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.