മലയാളികളുടെ തിരോധാനം: കേസ് ഒറ്റക്കേസായി പരിഗണിക്കണമെന്ന് അന്വേഷണസംഘം
|കേസില്‍ തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റഷീദിനെതിരെ യുഎപിഎ ചുമത്താന്‍ പൊലീസ് കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്കി
ദുരൂഹ സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ നിന്നും കാണാതായ 17 പേരെക്കുറിച്ചുള്ള കേസ് ഒറ്റക്കേസായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റഷീദിനെതിരെ യുഎപിഎ ചുമത്താന്‍ പൊലീസ് കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്കി. കാണാതായവരില്‍ രാജ്യദ്രോഹ കുറ്റങ്ങള്‍ കണ്ടെത്താനായില്ലെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് പടന്ന, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ 17 പേരെ കാണാതായത്. ഇവരുടെ കുടുംബാംഗങ്ങള്‍ ചന്തേര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 9 പരാതികളിലായി 17 പേരെ കാണാനില്ലെന്നായിരുന്നു കേസ്. 9 പരാതികളും സമാന സ്വഭാവമുള്ളതിനാല്‍ പരാതികള്‍ ഒറ്റക്കേസായി പരിഗണിക്കണമെന്നാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്.
17 പേരുടെ തിരോധാനത്തിന്റെ സൂത്രധാരനെന്ന് പൊലീസ് കരുതുന്ന തൃക്കരിപ്പൂര്‍ സ്വദേശി അബ്ദല്‍ റഷീദിനെതിരെ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ടു പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കാണാതായവരില്‍ രാജ്യദ്രോഹ കുറ്റങ്ങള്‍ കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 20 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവി കഴിഞ്ഞ ദിവസം ഡിജിപിക്ക് കൈമാറിയിരുന്നു.