തലശ്ശേരി സംഭവം; പോലീസിനോട് ചോദിക്കണമെന്ന് പിണറായി
|ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു
തലശേരിയില്‍ ദലിത് യുവതികളെ ജയിലിലടച്ച സംഭവത്തെക്കുറിച്ച് പൊലീസിനോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി. അതേസമയം മുഖ്യമന്ത്രിയുടെ നിലപാട് നിഷേധാത്മകമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുടുംബവുമായി ഫോണില്‍ സംസാരിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
തലശേരിയില്‍ ദളിത് പെണ്‍കുട്ടികളെ ജയിലലടച്ച സംഭവത്തില്‍ കൂടുതല്‍ പ്രതികരണം നടത്താന്‍ മുഖ്യമന്ത്രി ഇന്നും തയ്യാറായില്ല. കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കാം എന്ന് ഇന്നലെ പറഞ്ഞ മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രതികരണം പൊലീസിനോട് ചോദിക്കണമെന്നായിരുന്നു. എന്നാല്‍ മുഖ്യമന്ത്രയുടെ നിലപാട് നിഷേധാത്മകമാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പ്രതികരണം. പൊലീസിനോടാണ് എല്ലാം ചോദിക്കേണ്ടതെങ്കില് എന്തിനാണ് പിന്നെ ആഭ്യന്തരമന്ത്രിയെന്ന് സുധീരന് ചോദിച്ചു. ദലിത് യുവതികളുടെ ജാമ്യാപേക്ഷ സ്വീകരിക്കാത്ത തലശ്ശേരി മജിസ്ട്രേറ്റിന്റെ നടപടി ദുരൂഹമാണെന്നും സുധീരന് ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിലപാടിനെ ഉമ്മന്‍ചാണ്ടിയും വിമര്‍ശിച്ചു. തലശ്ശേരി സംഭവത്തില്‍ ജാമ്യം എടുക്കാതെ പ്രശ്നം രൂക്ഷമാക്കാനാണ് യുവതികള്‍ ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.