സ്വകാര്യ സുരക്ഷ ഏജന്‍സി; ദിലീപിന്റെ വിശദീകരണം തൃപ്തികരമെന്ന് പൊലീസ്
|ഏജന്‍സിക്ക് ഓള് ഇന്ത്യ പെര്‍മിറ്റ് ഉണ്ടെങ്കില്‍ ആയുധങ്ങള്‍ കൊണ്ടുവരാം
സ്വകാര്യ സുരക്ഷ സംബന്ധിച്ച് .ദിലീപ് നല്കിയ വിശദികരണം തൃപ്തികരമാണെന്ന് എറണാകുളം റൂറല്‍ എസ് പി എവി ജോർജ്. സ്വകാര്യ സുരക്ഷാ ഏജന്‍സിക്ക് അഖിലേന്ത്യ പെർമിറ്റുണ്ടെങ്കില് സുരക്ഷ നല്‍കുന്നതിനോ ആയുധം കൊണ്ടു നടക്കുന്നതിനോ തടസമില്ല. തനിക്ക് സ്വകാര്യ സുരക്ഷ ഏർപ്പെടുത്തിയിട്ടില്ലെന്നും തണ്ടർ ഫോഴ്സ് എന്ന ഏജന്‍സിയുമായി ചർച്ച നടത്തുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ദിലീപിന്റെ വിശദീകരണം.
കഴിഞ്ഞ ദിവസം ഗോവ ആസ്ഥാനമായുള്ള തണ്ടർ ഫോഴ്സ് എന്ന സ്വകാര്യ ഏജന്‍സിയുടെ സംഘം ആലുവയിലെ ദിലീപിന്റെ വീട്ടിലെത്തിയിരുന്നു. ഇവർ ദിലീപിന് സ്വകാര്യ സുരക്ഷ നല്‍കുന്നതായി വാർത്തകള്‍ പുറത്തുവന്നു. ഇതെ തുടർന്നാണ് ആലുവ സിഐ ഇക്കാര്യത്തില്‍ ദിലീപിന്റെ വിശദീകരണം ആവശ്യപ്പെട്ടത്. തനിക്കെതിരെ പരാതി നല്കിയവരില് നിന്ന് തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നായിരുന്നു ദിലീപിന്റെ മറുപടി. എന്നാല്‍ ഒരു സ്വകാര്യ ഏജന്‍സിയുടെയും സഹായം തേടിയിട്ടില്ലെന്നും ദിലീപ് വിശദീകരിച്ചു. ദിലീപിന്റെ വിശദീകരണം തൃപ്തികരമാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും എറണാകുളം റൂറൽ എസ്പി എ.വി ജോര്‍ജ് പറഞ്ഞു. സ്വകാര്യ ഏജന്‍സികള്‍ക്ക് അഖിലേന്ത്യ പെർമിറ്റുണ്ടെങ്കില് ആയുധം കൊണ്ടുനടക്കുന്നതില്‍ നിയമ തടസമില്ലെന്നും റൂറല്‍ എസ് പി വിശദീകരിച്ചു. ദിലീപ് പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും റൂറല്‍ എസ് പി അറിയിച്ചു.