Kerala
തൊള്ളായിരത്തോളം നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടാന്‍ നീക്കംതൊള്ളായിരത്തോളം നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടാന്‍ നീക്കം
Kerala

തൊള്ളായിരത്തോളം നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടാന്‍ നീക്കം

Sithara
|
19 Feb 2018 10:18 AM GMT

കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് നാളെ നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും.

ലാഭകരമല്ലാത്ത നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടാന്‍ കണ്‍സ്യൂമര്‍ ഫെഡില്‍ നീക്കം. കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് നാളെ നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും. ട്രേഡ് യൂണിയന്‍ നേതൃത്വവുമായി ആലോചിച്ച ശേഷമാകും തീരുമാനം. സംസ്ഥാനത്തെ 900ത്തോളം നന്മ സ്റ്റോറുകളില്‍ ഭൂരിഭാഗവും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

വലിയ അളവില്‍ സാധനങ്ങള്‍ സംഭരിക്കുന്നത് വഴി കോടികളുടെ കമ്മീഷന്‍ തട്ടുക, ഇഷ്ടക്കാര്‍ക്ക് ജോലി തരപ്പെടുത്തുക തുടങ്ങിയ താല്‍പ്പര്യങ്ങളാണ് നന്മ സ്റ്റോറുകള്‍‌ തുടങ്ങുന്നതിന് പിന്നിലെ താല്‍പര്യം എന്ന ആരോപണം നിലനില്‍‌ക്കെയാണ് പകുതിയില്‍ പരം സ്റ്റോറുകള്‍ അടച്ചുപൂട്ടാന്‍ ഇപ്പോള്‍ നീക്കം നടക്കുന്നത്. വിപണിയില്‍ ഇടപെടുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം. സര്‍ക്കാര്‍ സബ്സിഡി ഇല്ലാതെ സ്വന്തം നിലയില്‍ ഉല്‍പ്പന്നങ്ങള്‍ 20 ശതമാനത്തോളം വിലക്കുറവിലും ബാക്കി വിപണി വിലയ്ക്കും വില്‍ക്കുകയായിരുന്നു നന്മ സ്റ്റോറുകളിലൂടെ ഉദ്ദേശിച്ചത്. വാടക ഒഴിവാക്കി കെട്ടിടം ലഭ്യമാക്കുന്ന പഞ്ചായത്തുകളില്‍ രണ്ട് വീതമാണ് നന്മ സ്റ്റോറുകള്‍ അനുവദിച്ചത്. സഹകരണ സ്ഥാപനങ്ങളടക്കം രംഗത്ത് വന്നതോടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മൂന്നില്‍പരം സ്റ്റോറുകള്‍ തുറക്കുന്ന നിലയായി. 3 ലക്ഷം രൂപയുടെ സ്റ്റോക്കും പ്രതിദിനം 10000 രൂപയുടെ വില്‍പ്പനയും വേണമെന്നും വില്‍പ്പനയില്‍ 40 ശതമാനം സബ്സിഡി ഇനങ്ങളായിരിക്കണമെന്നായിരുന്നു വ്യവസ്ഥ. രണ്ട് ജീവനക്കാരെ വീതം കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുകയും ചെയ്തു. ഇത്തരത്തില്‍ ആരംഭിച്ച ഒരു നന്മ സ്റ്റോറിന്റെ അവസ്ഥയാണിത്. അവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്തതിനാല്‍ പ്രതിദിന വില്‍പ്പന ആയിരം രൂപ കടക്കില്ല. നന്മ സ്റ്റോറുകള്‍‌ക്ക് ഗോഡൌണ്‍ നിര്‍മാണത്തിനായി 11 കോടി രൂപയും ശന്പളം ഇനത്തില്‍ 200 കോടിയും കണ്‍സ്യൂമര്‍ഫെഡ് ഇതിനോടകം ചിലവഴിച്ചിട്ടുണ്ട്.

900ത്തോളം നന്മ സ്റ്റോറുകള്‍ ആരംഭിച്ചതില്‍ 700 എണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ലാഭകരമല്ലാത്തവ അടച്ചുപൂട്ടുമ്പോള്‍ എണ്ണം 400ല്‍ താഴെയായി ചുരുങ്ങും.

Related Tags :
Similar Posts