വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: സിപിഎം ഏരിയാ സെക്രട്ടറി ഒന്നാം പ്രതി
|സക്കീറിനായി നാളെ ലുക്ക് ഔട്ട് നോട്ടീസ് നല്‍കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
സിപിഎം നേതാവ് സക്കീര്‍ ഹുസൈനെതിരെയുള്ള കേസിന്റെ എഫ്‌ഐആര്‍ പുറത്ത്. എട്ട് വകുപ്പുകള്‍ പ്രകാരമാണ് സക്കീര്‍ ഹുസൈനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ എതിര്‍ക്കുമെന്ന് പോലീസ് അറിയിച്ചു. മുന്‍ കൂര്‍ ജാമ്യാപേക്ഷ നാളെയാണ് കോടതി പരിഗണിക്കുക.
യുവവ്യവസായി ജൂബ് പൗലോന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂബ് പൗലോസിനെ കഴിഞ്ഞവര്‍ഷം ജൂണ്‍ 10 മുതല്‍ 13 വരെ തട്ടികൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. തട്ടികൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന തുടങ്ങി 8 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ സക്കീര്‍ ഹുസൈന്‍ ഒന്നാം പ്രതിയും കറുകപ്പള്ളി സിദ്ദിഖ് രണ്ടാം പ്രതിയുമാണ്.
മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് യുവതിയില്‍ നിന്ന് പണം തട്ടിയ കേസില്‍ സിദ്ദിഖിനൊപ്പം റിമാന്റിലായ ഫൈസലാണ് കേസിലെ നേപ്പാളി മുഖമുള്ള പ്രതിയെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ജൂബിന്റെ ബിസിനസ് പങ്കാളിയായ ഷീല തോമസ് നാലാം പ്രതിയുമാണ്. അതേസമയം ഒളിവില്‍ പോയ സക്കീര്‍ഹുസൈന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ നാളെ കോടതിയില്‍ എതിര്‍ക്കുമെന്ന് പോലീസ് അറിയിച്ചു.
അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രവുമല്ല കളമശ്ശേരി പോലീസ് സ്‌റ്റേഷനിലെ ഗൂണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട വ്യക്തികൂടിയാണ് സിപിഎം ഏരിയാസെക്രട്ടറിയും ജില്ലാകമ്മിറ്റി അംഗവുമായ സക്കീര്‍ ഹുസൈന്‍. ഒളിവില്‍ പോയ സക്കീര്‍ ഹുസൈനുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കുന്നതുള്‍പ്പടെയുള്ള നടപടിയിലേക്ക് നീങ്ങാനാണ് പോലീസ് തീരുമാനം. നഗരത്തിലെ ഗൂണ്ടാസംഘങ്ങളെ തുരത്താനായ പുതുതായി രൂപീകരിച്ച സിറ്റി ടാസ്‌ക് ഫോഴ്‌സാണ് അന്വേഷിക്കുന്ന ആദ്യത്തെ കേസാണിത്.