പാലക്കാട് പ്രീമെട്രിക് ഹോസ്റ്റലില്‍ ജാതിവിവേചനം നടത്തിയ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു
|ജാതി പറഞ്ഞ് ആക്ഷേപിക്കുകയും അയിത്തം കല്‍പിച്ച് വിദ്യാര്‍ഥികളെ മാനസിമായി തളര്‍ത്തുകയും ചെയ്യുന്നുവെന്നാണ് പരാതി
പാലക്കാട് മുണ്ടൂരിലെ പ്രീമെട്രിക് ഹോസ്റ്റലില്‍ ജാതിപീഡനം നടത്തിയ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു. ഹോസ്റ്റലിലെ സര്‍ക്കാര്‍ ജീവനനക്കാരിയായിരുന്ന വി,മാലതിയെയാണ് സസ്പെന്‍ഡ് ചെയ്തത്.
മുണ്ടൂര്‍ ഹോസ്റ്റലില്‍ അയിത്തവും ജാതിപീഡനവും നടക്കുന്നു എന്ന പരാതി രണ്ടുമാസം മുന്പേ വിദ്യാര്‍ഥികള്‍ അധികൃതരെ അറിയിച്ചിരുന്നു. ഈ പരാതി ഹോസ്റ്റലിന്‍റെ ചുമതലയുള്ള പട്ടികജാതി വികസന ഓഫീസറും ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും ജില്ലാ പട്ടികജാതി വികസന ഓഫീസറെ അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായിരുന്നില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അയിത്തത്തിന് കൂട്ടു നില്‍ക്കുന്നു എന്ന ആരോപപണവും ഉയര്‍ന്നു. പട്ടികജാതി വികസന വകുപ്പ് സംസ്ഥാന ഡയറക്ടറേറ്റില്‍ നിന്നും ജില്ലാ ഓഫീസിലേക്ക് നല്‍കിയ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
താഴ്ന്ന ജാതിയില്‍പ്പെട്ട കുട്ടികള്‍ തൊട്ട ഒന്നും തൊടില്ലെന്നും കുട്ടികള്‍ നടന്ന വഴിയിലൂടെ അറപ്പോടെ മാത്രമേ നടക്കൂ എന്നുമാണ് മാലതിക്കെതിരെ കുട്ടികള്‍ പരാതി നല്‍കിയിരുന്നത്. അവസാന നിമിഷവും മാലതിയെ സ്ഥലം മാറ്റി പ്രശ്നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളുണ്ടായി. വാര്‍ത്ത വന്ന പശ്ചാത്തലത്തില്‍ വകുപ്പിന്‍റെ ദുഷ്പേരു മാറ്റാന്‍ സസ്പെന്‍ഷന്‍ തന്നെ വേണമെന്ന് സംസ്ഥാന ഡയറക്ട്രേറ്റ് ജില്ലാ ഓഫീസറെ അറിയിക്കുകയായിരുന്നു. ഇവരില്‍ പലരും മാനസിക സമ്മര്‍ദം നേരിടുന്നുവെന്ന് അടുത്ത് നടത്തിയ കൌണ്‍സലിങില്‍ കണ്ടെത്തിയിരുന്നു.
സംരക്ഷണവും സാന്ത്വനവും നല്‍കേണ്ട ഒരു സ്ഥാപനം വിവേചനത്തിന്റെയും അവഹേളനത്തിന്റെയും കേന്ദ്രമാകുന്ന കാഴ്ചയാണ് ഈ ഹോസ്റ്റലിലേത്. ഈ കുട്ടികളുടെ പരാതികള്‍ കേള്‍ക്കാന്‍ പോലും നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകാത്തത് വലിയ ക്രൂരതയാണ്.