ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുന്നത് 358 അഴിമതി കേസുകള്‍
|അഴിമതി കേസുകള്‍ നാല് മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണിതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു
ഹൈക്കോടതിയിലെത്തുന്ന അഴിമതി വിരുദ്ധ കേസുകളില്‍ പലതും തീര്‍പ്പാവുന്നില്ല. 358 അഴിമതി കേസുകളാണ് ദീര്‍ഘകാലമായി കോടതില്‍ കെട്ടിക്കിടക്കുന്നത്. ഒരു വര്‍ഷം മുതല്‍ 30 വര്‍ഷം വരെയുള്ള കേസുകളുണ്ട് കൂട്ടത്തില്‍. അഴിമതി കേസുകള്‍ നാല് മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണിതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കെ അഴിമതി നിരോധ നിയമപ്രകാരം വിജിലന്‍സ് പിടികൂടിയ കേസുകളാണ് അനന്തമായി നീളുന്നത്. ഉദ്യോഗസ്ഥര്‍ അറസ്റ്റിലാവുന്ന പ്രദേശത്തുള്ള കീഴ്ക്കോടതിയാണ് കേസ് ആദ്യം പരിഗണിക്കുക. വിചാരണ പൂര്‍ത്തിയായി കീഴ്ക്കോടതി ശിക്ഷ വിധിക്കുകയാണെങ്കില്‍ ശിക്ഷിക്കപ്പെടുന്ന ഉദ്യോഗസ്ഥനും വെറുതെ വിടുകയാണെങ്കില്‍ വിജിലന്‍സുമാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. ഇത്തരം കേസുകളാണ് തീര്‍പ്പാക്കാതെ കിടക്കുന്നത്.
1985ല്‍ കോട്ടയം വിജിലന്‍സ് രജിസ്ട്രര്‍ ചെയ്ത ആറാം നമ്പര്‍ കേസ് മുതല്‍ 2016ല്‍ പിടിക്കപ്പെട്ട കേസ് വരെയുണ്ട് കൂട്ടത്തില്‍. വിവിധ ജില്ലകളില്‍ നിന്നും അപ്പീലായും സ്റ്റേയായും എത്തിയ 358 കേസുകളാണ് ഇത്തരത്തിലുള്ളത്. 1988ലാണ് അഴിമതി നിരോധ നിയമം പുതുക്കുന്നത്. അഴിമതി വിരുദ്ധ കേസുകളില്‍ മൂന്ന് മാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്ന് 1997ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അറ്റോര്‍ണി ജനറലിന്റെ അനുമതി വാങ്ങേണ്ട കേസുകളില്‍ ഒരു മാസത്തെ അധികസമയം കൂടി അനുവദിച്ചിട്ടുണ്ട്. വിജിലന്‍സ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം ജഡ്ജിങ് പാനലിനെ നിയമിക്കണമെന്നാണ് വിവരവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.