Kerala
കാന്തപുരം അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക് വലിയ തിരിച്ചടി നല്‍കി മണ്ണാര്‍ക്കാട്ടെ ജയംകാന്തപുരം അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക് വലിയ തിരിച്ചടി നല്‍കി മണ്ണാര്‍ക്കാട്ടെ ജയം
Kerala

കാന്തപുരം അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക് വലിയ തിരിച്ചടി നല്‍കി മണ്ണാര്‍ക്കാട്ടെ ജയം

admin
|
27 Feb 2018 4:51 PM GMT

ഷംസുദ്ദീനെ പരാജയപ്പെടുത്തണമെന്ന കാന്തപുരത്തിന്റെ ആഹ്വാനം തങ്ങള്‍ക്ക് അനുഗ്രഹമാകുമെന്ന പ്രതിക്ഷയിലായിരുന്നു ഇടതുപാളയം

മണ്ണാര്‍ക്കാട് അഡ്വ എന്‍ ഷംസുദ്ദീനെ തോല്‍പ്പിക്കാന്‍ പരസ്യമായി രംഗത്തിറങ്ങിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കിയത്. എന്‍. ഷംസുദ്ദീന് വേണ്ടി സമസ്ത ഇ കെ വിഭാഗം രംഗത്തറിങ്ങിയതോടെ രണ്ട് സുന്നി സംഘടനകള്‍ തമ്മിലെ പോരായി മണ്ണാര്‍ക്കാട്ടെ തെരഞ്ഞെടുപ്പ് മാറിയിരുന്നു. കഴിഞ്ഞ തവണത്തെക്കാള്‍ ഇരട്ടി ഭൂരിപക്ഷത്തിനാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ ഷംസുദ്ദീന്‍ മണ്ണാര്‍ക്കാട്ട് വിജയിച്ചത്.

കല്ലാങ്കുഴി ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ അഡ്വ.എന്‍ ഷംസുദ്ദീന്‍ സംരക്ഷിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എന്‍.ഷംസുദ്ദീനെതിരെ കാന്തപുരം നിലപാടെടുത്തത്. ഷംസുദ്ദീനെ തോല്‍പ്പിക്കാന്‍ കാന്തപുരം പരസ്യ ആഹ്വാനം നടത്തിയതോടെ എ പി പ്രവര്‍ത്തകര്‍ അതിനായി രംഗത്തിറങ്ങി. കാന്തപുരം വിരുദ്ധരായ ഇ കെ വിഭാഗം സുന്നികള്‍ ഇതോടെ ഷംസുദ്ദീനെ വിജയിപ്പിക്കാനുള്ള പോരാട്ടം ഏറ്റെടുത്തു. മണ്ണാര്‍ക്കാട്ടെ തെരഞ്ഞെടുപ്പ് ഇകെഎപി സുന്നികള്‍ തമ്മിലുള്ള ബല പരീക്ഷണമായി മാറിയതോടെ പ്രചരണ രംഗം കടുത്ത ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വേദിയായി.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 12325 വോട്ടിന് വിജയിച്ച ഷംസുദ്ദീന്‍ 2011നേക്കാള്‍ ഭൂരിപക്ഷം ഇരട്ടിയാക്കി. മുസ്ലിം ലീഗ് അണികളേക്കാള്‍ ഈ വിജയം ആവേശമുണ്ടാക്കിയത് ഇ കെ സുന്നികള്‍ക്കാണ്. കാന്തപുരത്തോട് അടുക്കണമെന്ന നിലപാടുള്ള മുസ്ലിം ലീഗിലെ ചില നേതാക്കളെ കണ്ണുതുറപ്പിക്കാനുള്ള അവസരമായി കൂടിയാണ് മണ്ണാര്‍ക്കാട്ടെ സാഹചര്യം ഇ കെ വിഭാഗം ഉപയോഗപ്പെടുത്തിയത്. കാന്തപുരത്തേക്കാള്‍ വലിയ വോട്ട് ബാങ്കാണ് തങ്ങളെന്ന് തെളിയിക്കാനായെന്നും ഇ കെ വിഭാഗം വിലയിരുത്തുന്നു.

Similar Posts