അഴിമതി കേസില്‍ മലബാര്‍ സിമന്റ്സ് എംഡി കെ പത്മകുമാര്‍ അറസ്റ്റില്‍
|വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് കൌള്‍ പുതിയ എംഡി
മലബാര്‍ സിമന്റ്സ് മാനേജിങ് ഡയറക്ടര്‍ കെ പത്മകുമാര്‍ അഴിമതിക്കേസുകളില്‍ അറസ്റ്റില്‍. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്. പത്മകുമാറിനെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
വിജിലന്‍സ് ഡിവൈഎസ്പി എം.സുകുമാരന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. രണ്ടു കേസിലാണ് കെ പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റു ചെയ്തത്. സിമന്റ് നല്കുന്നതില് ചില ഡീലര്‍മാര്‍ക്ക് കമ്മീഷന് ഇളവ് നല്‍കിയെന്നതാണ് ഒന്നാമത്തെ കേസ്. അനധികൃതമായി കമ്മീഷന് ഇളവ് നല്‍കിയതിലൂടെ കമ്പനിക്ക് 2.7 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. മലബാര്‍ സിമന്റ്സിലേക്കുള്ള ഫ്ലൈ ആഷ് കരാറില്‍ വ്യവസായി വി എം രാധാകൃഷ്ണന്റെ ബാങ്ക് ഗ്യാരണ്ടി പുതുക്കി നല്‍കാത്തതില്‍ 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നതാണ് രണ്ടാമത്തെ കേസ്. ഈ കേസുകളില്‍ പത്മകുമാറടക്കം മലബാര്‍ സിമന്റ്സിലെ മുതിര്‍ന്ന മൂന്ന് ഉദ്യോഗസ്ഥരുടെ ഓഫീസുകളിലും വസതികളിലും കഴിഞ്ഞ ദിവസം വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ അറസ്റ്റ്. ചോദ്യം ചെയ്യാനായി പാലക്കാട്ടെ വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ച് വരുത്തിയ ശേഷമാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്.