അമീറുല്‍ ഇസ്ലാമിനെ വിസ്താരത്തിന് കോടതിയില്‍ ഹാജരാക്കി
|പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ മുഖ്യപ്രതി അമീറുല്‍ ഇസ്ലാമിനെ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ ഹാജരാക്കി.
പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ മുഖ്യപ്രതി അമീറുല്‍ ഇസ്ലാമിനെ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ ഹാജരാക്കി. ക്രിമിനല്‍ നടപടിക്രമമനുസരിച്ചുളള വിസ്താരത്തിനായാണ് അമീറിനെ ഹാജരാക്കിയത്. കേസിലെ പ്രോസിക്യൂഷന് സാക്ഷിവിസ്താരം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
ജിഷാ വധക്കേസിലെ രഹസ്യ വിചാരണ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് നടക്കുന്നത്. കുറ്റപത്രത്തിനൊപ്പം സമർപ്പിച്ച 195 പേരുടെ സാക്ഷിപ്പട്ടികയിൽ പ്രോസിക്യൂഷൻ തിരഞ്ഞെടുത്ത 100 പേരുടെ വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രിമിനല്‍ നടപടിക്രമം 313 അനുസരിച്ചുള്ള വിസ്താരത്തിനായി കേസിലെ പ്രതി അമീറുൽ ഇസ്ലാമിനെ കോടതിയില്‍ ഹാജരാക്കിയത്. ചോദ്യംചെയ്യല്‍ നടപടികള്‍ കോടതി പൂര്‍ത്തീകരിച്ചു. ഇനി പ്രതിഭാഗം സാക്ഷി വിസ്താരമാണ് നടക്കാനുള്ളത്. മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ ഇതിന് കോടതി അനുമതി നല്കി.
2016 ഏപ്രിൽ 28 ന് പെരുമ്പാവൂർ കുറുപ്പംപടിയിലെ വീട്ടില്‍ വെച്ചാണ് ജിഷ കൊല്ലപ്പെട്ടത്. കേസിലെ കുറ്റകൃത്യത്തിന് ദൃക്സാക്ഷികളില്ല. അതിനാല്‍ കൊല്ലപ്പെട്ട ജിഷയുടെ വസ്ത്രം, നഖങ്ങൾ, മുറിക്കുള്ളിൽ കണ്ടെത്തിയ തലമുടി എന്നിവയുടെ ഡിഎൻഎ പരിശോധന അടക്കമുള്ള ഫൊറൻസിക് ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് അമീറുല്‍ ഇസ്ലാമിനെതിരെ പ്രോസിക്യൂഷൻ കുറ്റം ആരോപിക്കുന്നത്. അന്വേഷണ സംഘത്തിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥര്‍, ഫോറന്‍സിക് വിദഗ്ധര്‍, രാസപരിശോധകര്‍ തുടങ്ങിയവരാണ് കേസിലെ മുഖ്യ സാക്ഷികള്‍. അമീറിന്റെ മൊഴികളിലുള്ള വൈരുദ്ധ്യവും കേസില്‍ നിര്‍ണായകമാണ്.