കോഴിക്കോട് നാളികേര വ്യവസായപാര്‍ക്കിനായി സ്ഥലമേറ്റെടുത്തതില്‍ വന്‍ ക്രമക്കേട്
|സ്ഥലമേറ്റെടുത്തതില്‍ വന്‍ ക്രമക്കേടും അഴിമതിയുമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ മീഡിയാവണിന്.
കോഴിക്കോട് വേളത്ത് നാളികേര വ്യവസായ പാര്‍ക്കിനായി സ്ഥലമേറ്റെടുത്തതില്‍ വന്‍ ക്രമക്കേടും അഴിമതിയുമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ മീഡിയാവണിന്. ഭൂമി ഏറ്റെടുക്കല്‍ നടപടികളിലെ ഗുരുതര പാളിച്ചകള്‍ മറയാക്കി സ്ഥല ഉടമ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. കൊയിലാണ്ടി ലാന്‍ഡ് അക്വിസിഷന്‍ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ക്രമക്കേടുകള്‍ മൂലം സര്‍ക്കാരിന് കോടികള്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
നാളികേര വ്യവസായ പാര്‍ക്കിനായി 131 ഏക്കര്‍ വരുന്ന വേളത്തെ മണിമല എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ 2010 ലാണ് വ്യവസായ വകുപ്പ് തീരുമാനിച്ചത്. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ തോമസ് മാത്യു, മറിയാമ്മ മാത്യു, പ്രദീപ് ജോസഫ് എന്നിവരായിരുന്നു സ്ഥലത്തിന്‍റെ ഉടമകള്‍. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 11(2) വകുപ്പ് പ്രകാരം ഉടമകളുമായി വിലപേശി സ്ഥലം വാങ്ങാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
കൊയിലാണ്ടി എല്‍ എ തഹസില്‍ദാര്‍ അഞ്ച് കോടി തൊണ്ണൂറ് ലക്ഷം രൂപയാണ് സ്ഥലവിലയായി ആദ്യം കണക്കാക്കിയത്. ഉടമകളുടെ ആവശ്യപ്രകാരം ജില്ലാ കളക്ടര്‍ അധ്യക്ഷനായ പര്‍ച്ചേസ് കമ്മിറ്റി സെന്റിന് 10,750 രൂപ നിരക്കില്‍ വില പന്ത്രണ്ട് കോടി പതിനാല് ലക്ഷത്തി എഴുപത്തയ്യായിരം രൂപയായി ഉയര്‍ത്തി.
ലാന്‍ഡ് അക്വിസിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ തട്ടിപ്പ് നടത്തിയത് സമ്മതപത്രവും മതിയായ രേഖകളും ഒപ്പിട്ട് വാങ്ങാതെ
നെഗോഷ്യബിള്‍ പര്‍ച്ചേസ് ആയതിനാല്‍ ഉടകളുടെ സമ്മതപത്രവും ചട്ടം 10 എ പ്രകാരമുള്ള കരാറും നിര്‍ബന്ധമാണ്. എന്നാല്‍ ഉടമകളായ മൂന്നു പേരില്‍ ഒരാളുടെ സമ്മതപത്രം മാത്രമാണ് തഹസില്‍ദാര്‍ വാങ്ങിയത്. 10 എ പ്രകാരമുള്ള കരാറും ഒപ്പു വെപ്പിച്ചില്ല. കൂടുതല്‍ വില ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള അവസരമാണ് ഇതോടെ സ്ഥല ഉടമകള്‍ക്ക് കൈവന്നത്.
എട്ട് കോടി രൂപ കൈപ്പറ്റിയ ശേഷം നിശ്ചയിച്ച വില പോരെന്ന് കാണിച്ചാണ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. രണ്ടു പേരുടെ സമ്മതപത്രവും 10 എ കരാര്‍ ഇല്ലാത്തതിനാല്‍ ഉടമകളുടെ ഹരജി ഹൈക്കോടതി അനുവദിച്ചു. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 11(1) ക്ലോസ് പ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭൂമി ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് പാലിക്കേണ്ടി വന്നാല്‍ കുറഞ്ഞത് മൂന്നു കോടി രൂപയെങ്കിലും ഭൂവുടമകള്‍ക്ക് സര്‍ക്കാര്‍ അധികം നല്‍കണം. കൂടുതല്‍ തുകക്കായി വീണ്ടും കീഴ്ക്കോടതിയെ സമീപിക്കാനുള്ള അവസരവും ഉടമകള്‍ക്ക് മുന്നിലുണ്ട്.
മണിമല എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ 2009 മുതല്‍ 2013 വരെ കൊയിലാണ്ടി എല്‍എ ഓഫീസില്‍ നടന്ന നടപടിക്രമങ്ങളിലെ ആസൂത്രിത ക്രമക്കേടുകളാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത്.
ഭൂമി ഏറ്റെടുക്കല്‍ നടപടികളില്‍ മനഃപ്പൂര്‍വ്വം വീഴ്ച വരുത്തി സ്ഥലമുടമകള്‍ക്ക് കോടികള്‍ തട്ടിക്കാന്‍ ഉദ്യോഗസ്ഥരുടെ ഒത്താശ
നെഗോഷ്യബിള്‍ പര്‍ച്ചേസിന്റെ സാധ്യത ഉപയോഗിച്ച് പരമാവധി വിലനേടിയ ശേഷമാണ് മണിമല എസ്റ്റേറ്റിന്‍റെ ഉടമകള്‍ കൂടുതല്‍ വിലക്കായി കോടതിയെ സമീപിച്ചത്. ഭൂമിക്ക് വില നിശ്ചയിച്ചതിന് ശേഷം റവന്യൂവകുപ്പിന്‍റെ നടപടിക്രമങ്ങളില്‍ ഉണ്ടായ അസാധാരണ വേഗത അഴിമതി സംശയിക്കാന്‍ മതിയായ കാരണമാണ്. എസ്റ്റേറ്റ് പണയം വെച്ചുള്ള ബാങ്ക് വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ഉടമകള്‍ പ്രതിസന്ധി നേരിടുമ്പോഴാണ് ഈ ഇടപാട് നടന്നത്.
ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 11(2) പ്രകാരമുള്ള നടപടികളാണ് ഭൂമിക്ക് വില നിശ്ചയിക്കുന്നത് വരെ കൊയിലാണ്ടി എല്‍എ തഹസില്‍ദാര്‍ ഓഫീസ് പിന്തുടര്‍ന്നത്. അതായത് ഭൂ ഉടമകളുമായി ചര്‍ച്ച ചെയ്ത് സ്ഥലത്തിന് പരമാവധി വില നിശ്ചയിച്ചു നല്‍കി എന്നര്‍ത്ഥം. എന്നാല്‍ ഭൂമിക്ക് വില നിശ്ചയിച്ചതിന് ശേഷം നെഗോഷ്യബിള്‍ പര്‍ച്ചേസല്ലെന്ന രീതിയിലാണ് കൊയിലാണ്ടി എല്‍എ ഓഫീസിന്‍റെ നടപടികള്‍ നീങ്ങിയത്.
നടപടികളാകട്ടെ അസാധാരണ വേഗതയിലുമായിരുന്നു.
2012 ഫെബ്രുവരി രണ്ടിനാണ് ഭൂമിയുടെ രേഖകള്‍ പരിശോധനക്കായി കൊയിലാണ്ടി എല്‍എ ഓഫീസിലെത്തുന്നത്. അന്ന് തന്നെ പരിശോധന പൂര്‍ത്തിയാക്കി.തൊട്ടടുത്ത ദിവസം സ്ഥലം ഏ റ്റെടുത്തു. അടുത്ത ദിവസം തന്നെ എട്ട് കോടി രൂപയുടെ ചെക്കും കൈമാറി. മൂന്നു ദിവസത്തിനുള്ളില്‍ ഇത്രയും നടപടികള്‍ പൂര്‍ത്തിയാക്കിയതിലെ തിടുക്കം സംശയമുണര്‍ത്തുന്നതാണ്.
മണിമല എസ്റ്റേറ്റിന്‍റെ ഈടിന്‍മേല്‍ വളപട്ടണം ഐഒസി ബാങ്ക് നല്‍കിയ വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ഉടമകള്‍ ബുദ്ധിമുട്ടുന്ന സമയത്താണ് ഈ ഇടപാട് നടക്കുന്നത്. ഭൂമിയുടെ മേല്‍ ബാങ്ക് വായ്പയുണ്ടെന്നും അതിനാല്‍ തുക ബാങ്കിന് നല്‍കണമെന്നും വളപട്ടണം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ആവശ്യപ്പെട്ടതിന്‍റെ രേഖയാണിത്. ഈ ആവശ്യം പരിഗണിച്ച് എട്ട് കോടി രൂപയുടെ ചെക്ക് ബാങ്കിനാണ് നല്‍കിയത്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മണിമല എസ്റ്റേറ്റിന്‍റെ ഉമടകളെ സഹായിക്കാനായി നടന്ന ഒരിടപാടെന്നു പോലും റവന്യൂവകുപ്പിന്‍റെ നടപടികളെ വിശേഷിപ്പിക്കാം. അത്രക്കും ക്രമരഹിതവും സംശയാസ്പദവുമാണ് എല്ലാ നടപടികളും.
സ്ഥലം ഏറ്റെടുത്തതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി
കോഴിക്കോട് വേളത്ത് നാളികേര വ്യവസായ പാര്‍ക്കിനായി സ്ഥലം ഏറ്റെടുത്തതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മീഡിയവണ്‍ വാര്‍ത്തയെത്തുടര്‍ന്ന് റവന്യുമന്ത്രിയുടെ ഓഫീസ് തഹസില്‍ദാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.