സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കെസിബിസിയുടെ സമരപ്രഖ്യാപനം
|ഇടത് സര്‍ക്കാരിന്‍റെ മദ്യനയത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സമരപ്രഖ്യാപന സമ്മേളനം നടന്നു.
ഇടത് സര്‍ക്കാരിന്‍റെ മദ്യനയത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സമരപ്രഖ്യാപന സമ്മേളനം നടന്നു. ക്രിസോസ്റ്റം തിരുമേനി, വി എം സുധീരന്‍, കെ എം മാണി തുടങ്ങിയവര്‍ പങ്കെടുത്തു. എക്സൈസ് കമ്മീഷണര്‍ സംസ്ഥാനത്ത് മദ്യം ഒഴുക്കാന്‍ കളമൊരുക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വി എം സുധീരന്‍ പറഞ്ഞു.
വിദ്യാലയങ്ങളില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നും മദ്യശാലകള്‍ക്ക് വേണ്ട ദൂരപരിധി 50 മീറ്ററായി സര്‍ക്കാര്‍ കുറച്ചതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാന്‍ കെസിബിസി മദ്യവിരുദ്ധ സമിതി തീരുമാനിച്ചത്. സമരങ്ങളുടെ ആദ്യഘട്ടമെന്ന നിലയിലാണ് കോട്ടയത്ത് നടന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടന്നത്. ക്രിസോസ്റ്റം തിരുമേനി അധ്യക്ഷനായ കണ്‍വെന്‍ഷന്‍ വി എം സുധീരനാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് മദ്യം ഒഴുക്കാന്‍ എക്സൈസ് കമ്മീഷണര്‍ സര്‍ക്കാരിന് കൂട്ടുനില്‍ക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് മയക്ക് മരുന്ന് കേസുകള്‍ പെരുപ്പിച്ച് കാട്ടിയതെന്നും സുധീരന്‍ വിമര്‍ശിച്ചു.
ക്രിസോസ്റ്റം തിരുമേനിയെ കൂടാതെ വിവിധ സഭകളുടെ പത്തോളം ബിഷപ്പ്മാരും സര്‍ക്കാരിനെതിരായ സമരപ്രഖ്യാപനത്തില്‍ പങ്കെടുത്തു. കൂടാതെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ഉമ്മന്‍ചാണ്ടി, കെ എം മാണി എന്നിവരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.