വരള്‍ച്ചയെ നേരിടാന്‍ ഓണ്‍ യുവര്‍ വാട്ടര്‍ കാമ്പയിനുമായി മമ്മൂട്ടി
|പാതയോരങ്ങളില്‍ ദാഹജലം എത്തിക്കുക, ജനങ്ങള്‍ സമ്മേളിക്കുന്ന ഇടങ്ങളില്‍ പന്തലുകള്‍ ഒരുക്കുക മുതലായവയാണ് കൂട്ടായ്മ പ്രാഥമികമായി ചെയ്യുക
സംസ്ഥാനത്തെ വരള്‍ച്ച കെടുതികള് നേരിടുന്നതിനായി ചലച്ചിത്രതാരം മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഓണ്‍ യുവര്‍ വാട്ടര്‍ എന്ന പേരില്‍ ബഹുജന കാമ്പയിന്‍. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കും. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ 5 വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പദ്ധതികള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തയ്യാറാക്കും.
വരള്‍ച്ച കെടുതികള്‍ നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കൊപ്പം നിന്നുകൊണ്ടാണ് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഓണ്‍ യുവര്‍ വാട്ടര്‍ കാമ്പയിന്‍ നടപ്പിലാക്കുന്നത്. സന്നദ്ധ സംഘടനകള്‍, ബിസിനസ് സ്ഥാപനങ്ങള്‍, രാഷ്ട്രീയ സാമൂഹ്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഈ കൂട്ടായ്മയുടെ ഭാഗമാണ്. ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുന്നവര്‍ക്ക് ഏറ്റവും പെട്ടന്ന് ആശ്വാസം എത്തിക്കുകയാണ് ലക്ഷ്യം.
പാതയോരങ്ങളില്‍ ദാഹജലം എത്തിക്കുക, ജനങ്ങള്‍ സമ്മേളിക്കുന്ന ഇടങ്ങളില്‍ പന്തലുകള്‍ ഒരുക്കുക മുതലായവയാണ് കൂട്ടായ്മ പ്രാഥമികമായി ചെയ്യുക. മഴവെള്ള സംഭരണികളുടെ നിര്‍മാണം, കുളങ്ങള്‍ നവീകരിക്കല്‍, ശാസ്ത്രീയമായ ഗൃഹനിര്‍മാണ രീതികള്‍ പ്രചരിപ്പിക്കുക മുതലായ ദീര്‍ഘകാല പദ്ധതികളും കൂട്ടായ്മ ഏറ്റെടുക്കും. ആശയങ്ങള്‍ അവതരിപ്പിക്കുകയല്ല, അത് ഫലപ്രദമായി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മമ്മൂട്ടി പറഞ്ഞു.
കൂട്ടായ്മയുടെ ആദ്യ യോഗം ഇന്നലെ കൊച്ചിയില്‍ നടന്നു. വിവിധ ഇടങ്ങളില്‍ ആര്‍ ഒ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും കൃഷിനാശം സംഭവിച്ചവര്‍ക്ക് സഹായം എത്തിക്കുന്നതിനും, ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കുന്നതിനും ആദ്യ യോഗത്തില്‍ തന്നെ നിരവധി പേര്‍ രംഗത്ത് വന്നു..