നാദാപുരത്ത് വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു
|വടകര താലൂക്കില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു
കോഴിക്കോട് നാദാപുരത്ത് വെട്ടേറ്റ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ കോടതി വെറുതെ വിട്ട തൂണേരി സ്വദേശി മുഹമ്മദ് അസ്‌ലമാണ് മരിച്ചത്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ നാദാപുരം മേഖലയില്‍ പോലീസ് കനത്ത ജാഗ്രതയിലാണ്. പ്രദേശത്ത് 10 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടകര താലൂക്കില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു
വൈകീട്ട് അഞ്ച് മണിയോടെയാണ് മുഹമ്മദ് അസ്ലമിന് വെട്ടേറ്റത്. വീടിനടുത്തുള്ള കളിസ്ഥലത്തേക്ക് സുഹൃത്തുക്കളായ മുഹമ്മദ്, ഷാഫി എന്നിവരോടൊപ്പം ബൈക്കില്‍ പോവുകയായിരുന്നു മുഹമ്മദ് അസ്ലം. ഇവരുടെ ബൈക്കിന് എതിരെ വന്ന ഇന്നോവ കാര്‍ ബൈക്ക് ഇടിച്ച് വീഴ്ത്തി. ഇന്നോവ കാറിലുണ്ടായിരുന്ന സംഘം മുഹമ്മദ് അസ്ലമിനെ വെട്ടുകയായിരുന്നുവെന്ന് അസ്ലമിനോടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മീഡിയവണിനോട് പറഞ്ഞു. മുഖത്തും കൈക്കും കഴുത്തിനുമാണ് വെട്ടേറ്റത്. ഒരു കൈപ്പത്തി അറ്റു പോയ നിലയിലായിരുന്നു. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിപ്പട്ടികയില്‍ മൂന്നാം സ്ഥാനത്ത് മുഹമ്മദ് അസ്ലമായിരുന്നു. മതിയായ തെളിവികളില്ലെന്ന് വിധിച്ച് അസ്ലം ഉള്‍പ്പെടെ കേസിലെ 17 കുറ്റാരോപിതരെയും കോടതി വെറുതെ വിടുകയായിരുന്നു.