ചോദ്യം ചെയ്യല്‍ അവസാനിച്ചു; നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ബാബു
|ബാര്‍ ലൈസന്‍സ് നല്‍കിയതിലെ അഴിമതി അന്വേഷിക്കാനാണ് കെ ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്തത്.
മുന്‍ മന്ത്രി കെ ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്തു. വിജിലന്‍സ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ബാര്‍ ലൈസന്‍സ് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് നടപടി. നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും എക്സൈസ് കമ്മീഷണറെ മാറ്റിയെന്ന ആരോപണം തെളിയിക്കാനായിട്ടില്ലെന്നും ബാബു പ്രതികരിച്ചു.
ബാര്‍ ലൈസന്‍സ് നല്‍കിയതിലെ അഴിമതി അന്വേഷിക്കാനാണ് കെ ബാബുവിനെ ചോദ്യം ചെയ്യുക. 100 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് വ്യവസായി വിഎം രാധാകൃഷ്ണന് പരാതി നല്‍കിയിരുന്നു. ഇന്ന് ഹജരാകാന്‍ ആവശ്യപ്പെട്ട് ബാബുവിന് നോട്ടീസ് നല്‍കിയിരുന്നു. വിജിലന്‍സ് ആസ്ഥാനത്ത് റേഞ്ച് ഡിവൈഎസ്പിയാണ് ചോദ്യം ചെയ്യുക.
റേഞ്ച് ഡിവൈഎസ്പി ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയും പരാതി സത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും വിജിലന്‍സിന്റെ ചോദ്യം ചെയ്യല്‍. പരാതിക്കൊപ്പം നിരവധി തെളിവുകളും നല്‍കിയിട്ടുണ്ട്. എക്സൈസ് കമ്മീഷണറെ മാറ്റിയത് അഴിമതി നടത്താനായിരുന്നെന്നും പരാതിയില്‍ പറയുന്നു. ഒരേ സമയം ലഭിച്ച അപേക്ഷകളില്‍ ചിലതിന് മാത്രം അപ്പോള്‍ തന്നെ ലൈസെന്‍സ് നല്കി. മറ്റ് അപേക്ഷകള്‍ കെ ബാബു കാരണം വ്യക്തമാക്കാതെ മൂന്ന് മാസത്തിലധികം കാലം തടഞ്ഞു വെച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രി പദവി ദുരുപയോഗം ചെയ്താണ് പലബാറുകള്ക്കും ലൈസന്‍സ് അനുവദിച്ചു. ബിയര്‍ വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതില്‍ ക്രമക്കേടുകളുണ്ടായിട്ടുണ്ടെന്നും വിജിലന്‍സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.