ജിഎസ്‍ടി കൌണ്‍സിലിന് നിയമസാധുതയില്ല
|ചരക്ക് സേവന നികുതി തര്‍ക്കരഹിതമായി നടപ്പാക്കാനായി രൂപീകരിച്ച ജിഎസ്ടി കൌണ്‍സിലിന് ഭരണഘടനയനുസരിച്ച് നിയമസാധുതയില്ലെന്ന് നിയമവിദ്ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു
ചരക്ക് സേവന നികുതി തര്‍ക്കരഹിതമായി നടപ്പാക്കാനായി രൂപീകരിച്ച ജിഎസ്ടി കൌണ്‍സിലിന് ഭരണഘടനയനുസരിച്ച് നിയമസാധുതയില്ലെന്ന് നിയമവിദ്ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രാബല്യത്തിലില്ലാതിരുന്ന ഭരണഘടനാ വകുപ്പനുസരിച്ചാണ് കൌണ്‍സില്‍ രൂപീകരിച്ചത്. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടായാല്‍ ജിഎസ്ടിയനുസരിച്ച് നടത്തിയ നികുതിപിരിവുകള്‍ പോലും അസാധുവാക്കപ്പെടുമെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്.
ഇന്ത്യന്‍ ഭരണഘടനാ ഭേദഗതിയിലെ സെക്ഷന്‍ 12 പ്രകാരമാണ് സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനത്തിലൂടെ ജിഎസ്ടി കൌണ്‍സില്‍ രൂപീകരിച്ചത്. എന്നാല്‍ പുതുതായി ഏതൊക്കെ സമിതികള്‍ രൂപീകരിക്കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്ന വകുപ്പ് ഭരണഘടനാ ഭേദഗതിയിലെ സെക്ഷന്‍ ഒന്നാണ്. സെക്ഷന്‍ ഒന്ന് പ്രാബല്യത്തില്‍ വരുംമുന്‍പാണ് സെക്ഷന്‍ 12 പ്രാബല്യത്തില്‍ കൊണ്ടുവന്ന് ജിഎസ്ടി കൌണ്‍സില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. സെക്ഷന്‍ ഒന്ന് പ്രാബല്യത്തില്‍ വരാത്ത സാഹചര്യത്തില്‍ മറ്റ വകുപ്പുകള്‍ നിയമസാധുതയില്ലെന്നാണ് നിയമരംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നത്.
ഈ പിഴവ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണെങ്കില്‍ ജിഎസ്ടി പ്രകാരം നടത്തിയ നികുതി പിരിവുകളെല്ലാം അസാധുവാക്കപ്പെട്ടേക്കാം. സെന്‍ട്രല്‍ എക്സൈസ് തീരുവയടക്കം ഇതില്‍ ഉള്‍പ്പെടും. പ്രാബല്യത്തിലില്ലാത്ത നിയമത്തിന്‍റെ അധികാരമുപയോഗിച്ച് ജിഎസ്ടി കൌണ്‍സില്‍ രൂപീകരിച്ച നടപടി വലിയ അശ്രദ്ധയാണെന്ന വിലയിരുത്തലാണ് നിയമരംഗത്തുള്ളത്.