ബിജെപി നാഷണല്‍ കൌണ്‍സില്‍ യോഗം: ശക്തിപ്രകടനത്തിനൊരുങ്ങി കേരള ഘടകം
|കോഴിക്കോട്ട് ചേരുന്ന ബിജെപി നാഷണല്‍ കൌണ്‍സില്‍ യോഗം പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന് ഏറെ സുപ്രധാനമാണ്
കോഴിക്കോട്ട് ചേരുന്ന ബിജെപി നാഷണല്‍ കൌണ്‍സില്‍ യോഗം പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന് ഏറെ സുപ്രധാനമാണ്. കേരള നിയമസഭയില്‍ അക്കൌണ്ട് തുറക്കാന്‍ കഴിഞ്ഞതിന് തൊട്ടുപിറകെ പാര്‍ട്ടിയുടെ ശക്തി കാണിക്കാനുള്ള അവസരം കൂടിയായി നേതൃത്വം ഈ സമ്മേളനത്തെ കാണുന്നു. സംസ്ഥാനത്തെ ഒരു നേതാവിനെ ദേശീയ ഭാരവാഹി ആക്കിയുള്ള പ്രഖ്യാപനം ദേശീയ കൌണ്‍സില്‍ കാലയളവില്‍ കേരള നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.
ബിജെപിയുടെ ആദ്യരൂപമായ ജനസംഘത്തിന്‍റെ ദേശീയ സമ്മേളനം 1967ല്‍ കോഴിക്കോട്ട് നടന്നിട്ടുണ്ട്. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ആ സമ്മേളനത്തിന് അരനൂറ്റാണ്ട് പൂര്‍ത്തിയാകുമ്പോഴാണ് കോഴിക്കോട് ബിജെപി ദേശീയ കൌണ്‍സില്‍ യോഗത്തിന് വേദിയാകുന്നത്. 23 മുതല്‍ 25 വരെയുള്ള മൂന്ന് ദിനങ്ങളിലാണ് പാര്‍ലമെന്‍ററി ബോര്‍ഡും ദേശീയ കൌണ്‍സിലും ചേരുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുടെ മുഖ്യമന്ത്രിമാരും ഈ ദിനങ്ങളില്‍ കോഴിക്കോടുണ്ടാകും.
വി മുരളീധരന്‍, പി കെ കൃഷ്ണദാസ് എന്നിവരില്‍ ഒരാളെ ബിജെപിയുടെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ ആലോചന നടക്കുന്നുണ്ട്. ദേശീയ വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പദവികളിലൊന്ന് ലഭിക്കാനാണ് സാധ്യത.