റവന്യൂമന്ത്രിയുടെ മണ്ഡലത്തില്‍ സര്‍ക്കാര്‍ ഭൂമി സൌജന്യമായി പതിച്ചുനല്‍കി
|റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്‍റെ മണ്ഡലമായ കോന്നിയില്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി സൗജന്യമായി പതിച്ചു നല്‍കി.
റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്‍റെ മണ്ഡലമായ കോന്നിയില്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി സൗജന്യമായി പതിച്ചു നല്‍കി. ക്രിസ്ത്യന്‍ സഭകള്‍ക്കും എസ്എന്‍ഡിപിക്കും എന്‍എസ്എസിനുമായി 18 ഏക്കര്‍ 58 സെന്‍റാണ് പതിച്ചു നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എല്ലാ ഉത്തരവുകളും റവന്യൂ വകുപ്പ് ഇറക്കിയത്.
സഭകള്‍ക്കും അവരുടെ കീഴിലെ സ്ഥാപനങ്ങള്‍ക്കുമായി കോന്നി മണ്ഡലത്തില്‍ പതിച്ചുനല്‍കിയ ഭൂമിയുടെ കണക്ക് ഇങ്ങനെ: തണ്ണിത്തോട് വില്ലേജില്‍ 4 ഏക്കര്‍ 10 സെന്‍റ് കത്തോലിക്ക സഭ പത്തനംതിട്ട ഭദ്രാസനത്തിന്. തണ്ണിത്തോട് സെന്റ് ആന്‍റണീസ് ഓര്‍ത്തഡോക്സ് പള്ളിക്ക് 3 ഏക്കര്‍ 17 സെന്‍റ്. കരിമാന്‍ തോട് മലങ്കര കത്തോലിക്കാ പള്ളിക്ക് 1 ഏക്കര്‍. മണ്ണീറ മലങ്കര കത്തോലിക്ക പള്ളിക്ക് 4 ഏക്കര്‍. സെന്‍റ് തോമസ് സ്കൂളിന് 26 സെന്‍റ്. എലിക്കോട് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിക്ക് 1 ഏക്കര്‍ 80 സെന്‍റ്. തണ്ണിത്തോട് ബഥേല്‍ മാര്‍ത്തോമ സഭയ്ക്ക് 1 ഏക്കര്‍ 85 സെന്‍റ്. ആകെ 16 ഏക്കര്‍ 18 സെന്‍റ്
രണ്ട് എസ്എന്‍ഡിപി ശാഖകള്‍ക്കും സ്ഥലം പതിച്ചു നല്‍കി. 1421ാം നമ്പര്‍ ശാഖയ്ക്ക് 1 ഏക്കര്‍ 1 സെന്റും 1182ാം നമ്പര്‍ ശാഖയ്ക്ക് നാലര സെന്റും കുറുമ്പുകര എന്‍എസ്എസ് കരയോഗത്തിന് ഒന്‍പതര സെന്‍റാണ് പതിച്ചുകിട്ടിയത്.
ഭൂമി പതിവ് ചട്ടങ്ങളിലെ 24 ാം വകുപ്പനുസരിച്ചുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് റവന്യുവകുപ്പ് നടപടി. തദ്ദേശ സ്വയംഭരണ - വനം വകുപ്പുകളുമായി ഇതെച്ചൊല്ലി തര്‍ക്കമില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പത്തനംതിട്ട കലക്ടറോട് നിര്‍ദേശിക്കുന്നു.