Kerala
മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുംമൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ താത്ക്കാലികമായി നിര്‍ത്തിവെക്കും
Kerala

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ താത്ക്കാലികമായി നിര്‍ത്തിവെക്കും

Subin
|
22 March 2018 7:23 PM GMT

കുരിശ് പൊളിച്ചു മാറ്റിയതില്‍ പിശക് പറ്റിയെന്ന നിലപാട് ഇടത് മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചു

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. മൂന്നാര്‍ വിഷയത്തില്‍ വിളിച്ചുചേര്‍ത്ത ഉന്നതല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. തുടര്‍നടപടികള്‍ക്ക് മുന്‍പ് സര്‍വ്വ കക്ഷിയോഗം വിളിക്കും. എന്നാല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് യോഗത്തിന് ശേഷം റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
മൂന്നാറില്‍ മണ്ണുമാന്ത്രി യന്ത്രങ്ങള്‍ ഒഴിവാക്കാനും യോഗം തീരുമാനിച്ചു.

എല്‍ഡിഎഫ് യോഗത്തിലെ ധാരണയനുസരിച്ചാണ് ഒഴിപ്പിക്കല്‍ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. കുരിശ് പൊളിച്ചതിനും പൊലീസിനെ അറിയിക്കാതെ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനും ജില്ലാ കളക്ടറെയും ദേവികുളം സബ്കളക്ടറെയും ശാസിച്ച മുഖ്യമന്ത്രി വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും പറഞ്ഞു. ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുന്നതിന് മുന്‍പ് വിവിധ തലങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനപ്രതിനിധികളെ വിശ്വാസത്തിലെടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ജില്ലയില്‍ നിന്നുള്ള മന്ത്രി എം എം മണിയുമായും കൂടിയാലോചന നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മെയ് 21ന് നിശ്ചയിച്ചിരുന്ന പട്ടയമേളക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാത്തതിലും മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി.

എന്നാല്‍ ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു യോഗത്തിന് ശേഷം റവന്യു മന്ത്രിയുടെ പ്രതികരണം. പട്ടയമേളയുടെ പേരില്‍ റവന്യു വകുപ്പിനെ വിമര്‍ശിച്ചിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു. പരിസ്ഥിതി ലോല പ്രദേശമായതിനാല്‍ മണ്ണുമാന്ത്രി യന്ത്രങ്ങള്‍ ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം യോഗത്തില്‍ അംഗീകരിച്ചു.

Related Tags :
Similar Posts