സങ്കീര്‍ണം സെക്രട്ടേറിയറ്റിലെ ഫയല്‍ പരിശോധനാ രീതി
|ഫയല്‍ തീര്‍പ്പാക്കാന്‍ കാലതാമസമുണ്ടാകുന്നതിന് കാരണവും ഫയല്‍ നോട്ടത്തിലെ ഈ അധികാരശ്രേണി തന്നെ
വളരെ സങ്കീര്‍ണമാണ് സെക്രട്ടേറിയറ്റിലെ ഫയല്‍ പരിശോധനാ രീതി. ഓരോന്നും തീര്‍പ്പാക്കാന്‍ കാലതാമസമുണ്ടാകുന്നതിന് കാരണവും ഫയല്‍ നോട്ടത്തിലെ ഈ അധികാരശ്രേണി തന്നെ. അസിസ്റ്റന്റ് തൊട്ട് മന്ത്രി വരെ നീണ്ടുകിടക്കുന്നതാണ് ആ ശ്രേണി.
സര്‍ക്കാറിന്റെ വിവിധ ഡയറക്ടറേറ്റുകളില്‍ നിന്നുള്ള ഫയലുകള്‍ ആദ്യം എത്തുന്നത് സെക്രട്ടേറിയറ്റിലെ തപാല്‍ സെക്ഷനില്‍. അവിടെ നിന്ന് ഫയല്‍ അതാത് വകുപ്പുകളിലേക്ക്. വകുപ്പുകളില്‍ അനേകം സെക്ഷനുകള്‍. ഓരോ സെക്ഷനിലും അസിസ്റ്റന്റുമാരും അവര്‍ക്ക് മുകളില്‍ സെക്ഷന്‍ ഓഫീസര്‍മാരും. അസിസ്റ്റന്റുമാര്‍ പ്രാഥമികപരിശോധന പൂര്‍ത്തിയാക്കി സെക്ഷന്‍ ഓഫീസറുടെ മേശപ്പുറത്തേക്ക് അയക്കുന്നു അവിടെ നിന്ന് അണ്ടര്‍ സെക്രട്ടറി വഴി ഡെപ്യൂട്ടി സെക്രട്ടറിയിലേക്ക്.
ഗൌരവം കുറഞ്ഞ വിഷയങ്ങളില്‍ ഡെപ്യൂട്ടി സെക്രട്ടറി തലത്തില്‍ തന്നെ തീര്‍പ്പുണ്ടാക്കാം. അല്ലാത്തവയും ഡെപ്യൂട്ടി സെക്രട്ടറിമാര്‍ തീരുമാനമെടുക്കാന്‍ വിസമ്മതിക്കുന്നവയും വീണ്ടും മുകളിലേക്ക്. ജോയിന്റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, സ്പെഷ്യല്‍ സെക്രട്ടറി, സെക്രട്ടറി എന്നിങ്ങനെയാണ് പിന്നീടുള്ള ഫയല്‍ സഞ്ചാരം.
കൂടുതല്‍ ഗൌരവമുള്ള കാര്യങ്ങളില്‍ ഫയല്‍ മന്ത്രിയുടെ അടുത്തേക്കും പോകും. ഇതിനിടയില്‍ മറ്റു വകുപ്പുകളുമായി കൂടി ബന്ധമുള്ള ഫയലുകള്‍ അതാതു വകുപ്പുകളിലേക്ക് അയക്കും. അവിടെയും സമാന വഴികളിലൂടെ കടന്നുപോകണം. അവരുടെ കൂടി സമ്മതമറിഞ്ഞിട്ട് വേണം ഫയലുകള്‍ തീര്‍പ്പാക്കാന്‍.
ഇത്രയും സങ്കീര്‍ണമാണ് വഴികളെങ്കിലും ഉദ്യോഗസ്ഥര്‍ മനസ്സുവെച്ചാല്‍ ഫയലുകള്‍ ഒറ്റ ദിവസം കൊണ്ടുതന്നെ തീര്‍പ്പാകും.
അല്ലെങ്കില്‍ അനന്തമായി അനങ്ങാതെ കിടക്കും. ചില ഫയലുകള്‍ താഴെ നിന്നും മുകളിലേക്കും മുകളില്‍ നിന്ന് താഴേക്കും കറങ്ങിക്കൊണ്ടിരിക്കും. ഈ കറക്കത്തിനിടെ കാണാതാവുന്നവയുമുണ്ട്.